റഷ്യ അയയുന്നുവെന്ന സൂചന നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്; നിലപാട് മാറ്റം മൂന്നര വർഷത്തിനിടെ ആദ്യം

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യക്കെതിരെ തീരുവ വർദ്ധിപ്പിച്ചതെന്നും ജെ ഡി വാൻസ് പറഞ്ഞു

വാഷിംഗ്ടണ്‍: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യ നിര്‍ണായക നിലപാടിലേക്കെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ജെ ഡി വാന്‍സ്. സമാധാന കരാറില്‍ അടക്കം റഷ്യ അയയുന്നുവെന്ന സൂചനയാണ് ജെ ഡി വാന്‍സ് നല്‍കുന്നത്. യുദ്ധം ആരംഭിച്ച് മൂന്നര വര്‍ഷത്തിനിടെ റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമെന്നാണ് ജെ ഡി വാന്‍സ് സൂചിപ്പിക്കുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായോ എന്ന കാര്യം വാന്‍സ് വ്യക്തമായി പറയുന്നില്ല.

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് പ്രധാന നിബന്ധകളായിരുന്നു റഷ്യ മുന്നോട്ടുവെച്ചിരുന്നത്. കിഴക്കന്‍ ഭൂപ്രദേശങ്ങള്‍ വിട്ടുനല്‍കാന്‍ യുക്രെയ്ന്‍ തയ്യാറാകണമെന്നതായിരുന്നു റഷ്യ മുന്നോട്ടുവെച്ച പ്രധാന നിബന്ധന. നാറ്റോയില്‍ കക്ഷി ചേരാന്‍ അനുവദിക്കരുത്, യുക്രെയിനില്‍ നിന്ന് പാശ്ചാത്യ സൈനികരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും റഷ്യ മുന്നോട്ടുവെച്ചിരുന്നു. ഈ നിബന്ധനകളില്‍ അടക്കം റഷ്യ അയയുന്നുവെന്നുള്ള സൂചനയാണ് ജെ ഡി വാന്‍സ് നല്‍കുന്നത്.

യുദ്ധാനന്തരമുള്ള ആക്രമണങ്ങളില്‍ നിന്ന് യുക്രെയ്‌ന് സംരക്ഷണമേകുന്ന നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് സ്വീകരിച്ചതായും വാന്‍സ് സൂചിപ്പിക്കുന്നു. കീവില്‍ പാവ സര്‍ക്കാരിനെ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് റഷ്യ തിരിച്ചറിഞ്ഞുവെന്നും വാന്‍സ് പറയുന്നു. ഇന്ത്യക്കെതിരെ തീരുവ കൂട്ടിയത് ട്രംപിന്റെ തന്ത്രമാണെന്നും വാന്‍സ് ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അധിക തീരുവ. റഷ്യ സമ്പന്നമാകുന്നത് ആശങ്കാജനകമാണ്. യുക്രെയ്‌നെതിരെ ആക്രമണം തുടര്‍ന്നാല്‍ റഷ്യയെ ഒറ്റപ്പെടുത്തുമെന്നുള്ള മുന്നറിയിപ്പും സെലന്‍സ്‌കി നല്‍കി.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി വാന്‍സ് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുടിനും ട്രംപും പിന്നാലെ സെലന്‍സ്‌കിയും ട്രംപും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. യുക്രെയ്‌ന്റെ ഭാഗങ്ങള്‍ വിട്ടുനല്‍കാന്‍ സെലന്‍സ്‌കിയോ അതില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്ക് പുടിനോ തയ്യാറായില്ല. ഇതിന് ശേഷവും അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ജെ ഡി വാന്‍സിന്റെ പ്രതികരണം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

Content Highlights- Russia flexible on some of its demand i ukraine peace deal says us vice president j d vance

To advertise here,contact us