അഭ്യൂഹങ്ങള് തുടരുന്നതിനിടെ ക്വിന് ഗാങ്ങിന് പകരം വാങ്ങ് യി ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി

കഴിഞ്ഞ ഒരു മാസത്തോളമായി ക്വിന് ഗാങ്ങ് പൊതുവേദികളില് പ്രത്യക്ഷപ്പെടുന്നില്ല

ബെയ്ജിങ്: വാങ്ങ് യിയെ പുതിയ വിദേശകാര്യ മന്ത്രിയായി പ്രഖ്യാപിച്ച് ചൈന. വിദേശകാര്യ മന്ത്രിയായിരുന്ന ക്വിന് ഗാങ്ങിന് പകരക്കാരനായിട്ടാണ് വാങ്ങ് യി നിയമിതനായിരിക്കുന്നത്.

2013 മുതല് 2022 വരെ വിദേശകാര്യ മന്ത്രിയായിരുന്ന വാങ്ങ് യിയെയാണ് ചൈന വീണ്ടും പഴയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ വിദേശകാര്യ ചുമതല നിര്വ്വഹിച്ച് വരികയായിരുന്നു വാങ്ങ് യി. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശകാര്യ വിദഗ്ധന്റെ ചുമതലയില് നിന്നാണ് വാങ്ങ് യി വീണ്ടും ചൈനീസ് വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.

കഴിഞ്ഞ ദിവസം ചേര്ന്ന ചൈനയുടെ നാഷണല് പീപ്പിള്സ് കോണ്ഗ്രസിന്റെ സ്റ്റാന്ഡിംഗ് യോഗമാണ് വാങ്ങ് യിയുടെ നിയമനത്തിന് അനുമതി നല്കിയത്. ചൈനയുടെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്ക്കിടെയാണ് വാങ്ങ് യി വീണ്ടും സുപ്രധാന ചുമതലയില് അവരോധിതനാകുന്നത്.

കഴിഞ്ഞ ഒരു മാസത്തോളമായി ക്വിന് ഗാങ്ങ് പൊതുവേദികളില് പ്രത്യക്ഷപ്പെടുന്നില്ല. ഏറ്റവും ഒടുവില് ജൂണ് 25ന് ശ്രീലങ്ക, വിയറ്റ്നാം, റഷ്യന് പ്രതിനിധി സംഘത്തെ ബെയ്ജിംഗില് വച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷം ക്വിന് ഗാങ്ങ് പൊതുവേദിയില് നിന്ന് അപ്രത്യക്ഷനാകുകായിരുന്നു.

ഗാങ്ങിന് എന്താണ് സംഭവിച്ചതെന്ന വ്യക്തമായ വെളിപ്പെടുത്തല് ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളെന്നാണ് നിലവില് നല്കിയിരിക്കുന്ന വിശദീകരണം. ചൈനയുടെ ഏറ്റവും പ്രായംകുറഞ്ഞ വിദേശകാര്യ മന്ത്രി എന്ന ബഹുമതിയോടെ 2022 ഡിസംബര് മാസത്തിലായിരുന്നു ക്വിന് ഗാങ്ങ് ചുമതലയേറ്റത്. നേരത്തെ അമേരിക്കയിലെ ചൈനീസ് സ്ഥാനപതിയായും ക്വിന് ഗാങ്ങ് ചുമതല നിര്വ്വഹിച്ചിരുന്നു. പ്രസിഡന്റ് ഷി ജിന്പിങ്ങിന്റെ വിശ്വസ്തന് എന്നറിയപ്പെടുന്ന നേതാവായിരുന്നു ക്വിന് ഗാങ്ങ്.

To advertise here,contact us