പാകിസ്താന്‍ കീഴടക്കി ഇന്ത്യന്‍ കുതിപ്പ്, രണ്ടാം റൗണ്ടില്‍

ഹോക്കി ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്തത് മൂന്നിനെതിരെ അഞ്ചുഗോളിന്, ഹര്‍മന്‍പ്രീത് സിങ്ങിന് രണ്ട് ഗോള്‍

ഹോക്കി ലോകകപ്പില്‍ രണ്ടാം വിജയം നുണഞ്ഞ് ഇന്ത്യ. പാകിസ്താനെ മൂന്നിനെതിരെ അഞ്ചുഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. എന്നാല്‍ പാകിസ്താനോട് ജയിച്ചത് ഇന്ത്യയെ അടുത്ത റൗണ്ടിലെത്തിച്ചു. പൂള്‍ ഡി-യില്‍ മൂന്നുമത്സരവും ജയിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

പാകിസ്താനെതിരെ അഞ്ചാം മിനിറ്റില്‍ത്തന്നെ ഇന്ത്യ ആദ്യഗോളടിച്ച് മുന്നിലെത്തിയിരുന്നു. 11-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടിയത് ആത്മവിശ്വാസമേറ്റി. ആദ്യ ക്വാര്‍ട്ടര്‍ അനുകൂലമാക്കിയാണ് രണ്ടാം ക്വാര്‍ട്ടറിലേക്ക് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ക്വാര്‍ട്ടറിലെ ആറാം മിനിറ്റിലും ഇന്ത്യ ഗോളടിച്ചു ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍ ഏഴാം മിനിറ്റില്‍ പാകിസ്താന്‍ തിരിച്ചടിച്ചു. പക്ഷെ, ഒമ്പതാം മിനിറ്റില്‍ വീണ്ടും ഇന്ത്യ ഗോളടിച്ചത് പാകിസ്താന് ക്ഷീണമായി. തൊട്ടടുത്ത നിമിഷം പാകിസ്താന്‍ ഗോളടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അഞ്ചാം മിനിറ്റില്‍ വീണ്ടും ഇന്ത്യ ഗോളടിച്ചു. ഇതോടെ ഇന്ത്യ അഞ്ചുഗോളാണ് അടിച്ചുകൂട്ടിയത്.

നാലാം ക്വാര്‍ട്ടറിലെ ആദ്യ മിനിറ്റില്‍ പാകിസ്താന്‍ തങ്ങളുടെ മൂന്നാം ഗോളടിച്ചു. പക്ഷെ, അവസാന നിമിഷം ഇന്ത്യ പൊരുതിനിന്നതോടെ പാകിസ്താന്‍ തോറ്റുപിന്‍വാങ്ങി.

content highlights: India Defeats Pakistan to Advance to the Second Round

To advertise here,contact us