കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗ്ലാസ്ഗോയില്‍ അഞ്ചാംദിനം ഇന്ത്യയ്ക്ക് ആറ് മെഡലുകള്‍; സ്വര്‍ണം നേടി ഷര്‍മിള

ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം പത്തായി, രണ്ട് സ്വര്‍ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണുള്ളത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട. അഞ്ചാം ദിനത്തില്‍ ആറ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തില്‍ സ്വര്‍ണം നേടിയ ഷര്‍മിള ധന്‍കര്‍ ഇന്ത്യയുടെ മുന്നണിപ്പോരാളിയായി. ജ്ഞാനേശ്വരി യാദവ്, സര്‍വേശ് കുഷാരെ, വല്ലൂരി അജയ് ബാബു എന്നിവര്‍ വെള്ളി മെഡലുകളും ബിന്ധ്യാറാണി ദേവി, ശില്പ കെ. ഷൈല എന്നിവര്‍ വെങ്കല മെഡലുകളും നേടി. ഇതോടെ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം 10 ആയി ഉയര്‍ന്നു.

പാരാ അത്ലറ്റിക്സിലായിരുന്നു തിളക്കമാര്‍ന്ന പ്രകടനം. വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് ഷര്‍മിള ധന്‍കര്‍ തന്റെ സീസണിലെ മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഷര്‍മിള. നൈജീരിയയുടെ യൂച്ചാരിയ ഇയാസിയെ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് നാലാം സ്ഥാനത്തുണ്ടായിരുന്ന ശില്പ കെ. ഷൈലയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചതോടെ ഇന്ത്യയുടെ മെഡല്‍ സന്തോഷം ഇരട്ടിയായി. ഗ്ലാസ്ഗോ ഗെയിംസില്‍ ഒരേ ഇനത്തില്‍ ഇന്ത്യ രണ്ടു മെഡലുകള്‍ നേടുന്നത് ഇതാദ്യമാണ്. ഘാനയുടെ സിനാബു ഇസ്സ 8.65 മീറ്റര്‍ പ്രകടനത്തോടെ വെള്ളി മെഡല്‍ നേടി.

ദേശീയ റെക്കോര്‍ഡ് ഉടമയായ സര്‍വേശ് കുഷാരെയാണ് ഇന്ത്യന്‍ അത്ലറ്റിക്സിന് മറ്റൊരു മെഡല്‍ സമ്മാനിച്ചത്. പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി സര്‍വേശ് ചരിത്രം കുറിച്ചു. സര്‍വേശ് 2.25 മീറ്റര്‍ ഉയരം മറികടന്നെങ്കിലും, അത്രയും തന്നെ ഉയരം കുറഞ്ഞ ശ്രമങ്ങളില്‍ മറികടന്ന ജമൈക്കയുടെ റൊമെയ്ന്‍ ബെക്ഫോര്‍ഡിന് കൗണ്ട്ബാക്ക് അടിസ്ഥാനത്തില്‍ സ്വര്‍ണം ലഭിച്ചു. ഇംഗ്ലണ്ടിന്റെ കിമാനി ജാക്ക് 2.20 മീറ്റര്‍ ഉയരത്തോടെ വെങ്കലം നേടി.

വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യ വീണ്ടും കരുത്തുകാട്ടി. മൂന്ന് മെഡലുകള്‍ കൂടി സമ്മാനിച്ചതോടെ ഈ കായിക ഇനത്തില്‍മാത്രം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ആറായി. കന്നി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ജ്ഞാനേശ്വരി യാദവ് ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്നു. ഒളിമ്പിക് ചാമ്പ്യന്‍ മീരാഭായ് ചാനുവിന് വേണ്ടി 49 കിലോഗ്രാം വിഭാഗത്തില്‍ നിന്ന് 53 കിലോഗ്രാമിലേക്ക് മാറിയ 23-കാരിയായ ജ്ഞാനേശ്വരി, ആകെ 199 കിലോഗ്രാം (സ്‌നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോയും) ഉയര്‍ത്തി മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചു. തന്റെ ആറ് ശ്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ ജ്ഞാനേശ്വരി, കുറച്ചുസമയത്തേക്ക് ഗെയിംസ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റെക്കോര്‍ഡ് നിലനിര്‍ത്തിയെങ്കിലും, പിന്നീട് നൈജീരിയയുടെ ഒനോം ഒമോലോള ദിദിഹ് ഗെയിംസ് റെക്കോര്‍ഡോടെ (ആകെ 206 കിലോഗ്രാം) സ്വര്‍ണം നേടി.

വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി ബിന്ധ്യാറാണി ദേവി തന്റെ തുടര്‍ച്ചയായ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ഉറപ്പിച്ചു. നാല് വര്‍ഷം മുമ്പ് ബര്‍മിംഗ്ഹാമില്‍ ബിന്ധ്യാറാണി വെള്ളി മെഡല്‍ നേടിയിരുന്നു. ആകെ 199 കിലോഗ്രാം (സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 112 കിലോയും) ഉയര്‍ത്തി. നൈജീരിയയുടെ റാഫിയാതു ഫൊളാഷാഡെ ലാവല്‍ 229 കിലോഗ്രാം ഗെയിംസ് റെക്കോര്‍ഡോടെ കിരീടം നിലനിര്‍ത്തിയപ്പോള്‍ കാനഡയുടെ ആനി സോഫി തഷെറോ 215 കിലോഗ്രാമോടെ വെള്ളി നേടി.

പുരുഷന്മാരുടെ 79 കിലോഗ്രാം വിഭാഗത്തില്‍ 22-കാരനായ വല്ലൂരി അജയ് ബാബുവിന് തലനാരിഴയ്ക്കാണ് സ്വര്‍ണം നഷ്ടമായത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഈ താരം സ്‌നാച്ചില്‍ 149 കിലോഗ്രാം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് കുറിച്ചു. ആകെ 330 കിലോഗ്രാമോടെ (149 കിലോ + 181 കിലോ) മത്സരം പൂര്‍ത്തിയാക്കി. മലേഷ്യയുടെ മുഹമ്മദ് എറി ഹിദായത്ത് 184 കിലോഗ്രാമിന്റെ ഗെയിംസ് റെക്കോര്‍ഡ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കോടെ ആകെ 331 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടി. സ്‌കോട്ട്ലന്‍ഡിന്റെ ക്രിസ് മുറെ 325 കിലോഗ്രാമോടെ വെങ്കലം നേടി.

ഇന്ത്യയുടെ മറ്റു പ്രകടനങ്ങള്‍

  • ലോങ് ജമ്പില്‍ മുരളി ശ്രീശങ്കര്‍ 8.01 മീറ്റര്‍ ചാടി ഫൈനലിലേക്ക് യോഗ്യത നേടി. ലോകേഷ് സത്യനാഥന്‍ 7.77 മീറ്റര്‍ പ്രകടനത്തോടെ ഫൈനലില്‍ കടന്നു.
  • പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് ശിര്‍സെ ഹീറ്റ്സില്‍ 13.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ അവസാന സ്ഥാനത്താണ് എത്തിയത്.
  • പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ഗുരിന്ദര്‍വീര്‍ സിംഗ് 10.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുറത്തായി.
  • നീന്തലില്‍, ഒളിമ്പ്യന്‍ സജന്‍ പ്രകാശ് 1:59.58 സമയത്തില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഫൈനലിലേക്ക് മുന്നേറിയെങ്കിലും മെഡല്‍ പോരാട്ടത്തില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്
  • പുരുഷന്മാരുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ ആര്യന്‍ നെഹ്റ ഏഴാം സ്ഥാനം നേടി.
  • പാരാ നീന്തല്‍ താരം സ്വാതിക് പാട്ടീല്‍ ഹീറ്റ്സില്‍ ആറാമത്തെ മികച്ച സമയത്തോടെ പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്ക് SB9 ഫൈനലിലേക്ക് യോഗ്യത നേടി, ഫൈനലില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.
  • ഇന്ത്യന്‍ ബോക്സര്‍മാര്‍ ശക്തമായ കുതിപ്പ് തുടര്‍ന്നു. പുരുഷന്മാരുടെ 60 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ സച്ചിന്‍ സിവാച്ച് ഇംഗ്ലണ്ടിന്റെ വില്യം ഹെവിറ്റിനെ 4-1 ന് തോല്‍പ്പിച്ചു. പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തില്‍ അന്‍കുഷ്, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ സലാന്‍ ജാനിനെതിരെ 5-0 ന്റെ ആധിപത്യ വിജയം നേടി. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി ചൗധരി ബോട്‌സ്വാനയുടെ ലെതാബോ മൊഡുകാനെലെയെ 5-0 ന് പരാജയപ്പെടുത്തി.
  • പുരുഷന്മാരുടെ 70 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ ജോണ്‍ മക്കോണലിനോട് തോറ്റ് സുമിത് കുണ്ടു പുറത്തായി.
  • ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വനിതകളുടെ വോള്‍ട്ട് ഫൈനലില്‍ പ്രതിഷ്ഠ സാമന്ത ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബൗള്‍സില്‍ പുരുഷ സിംഗിള്‍സ് സെക്ഷണല്‍ പ്ലേയില്‍ പുതുല്‍ സോനോവാള്‍ കെനിയയുടെ അന്‍വര്‍ ഹമാദയോട് പരാജയപ്പെട്ടു.

ആകെ മെഡല്‍ നേട്ടങ്ങള്‍ഇതുവരെ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍: മീരാഭായ് ചാനു (സ്വര്‍ണം, വെയ്റ്റ്ലിഫ്റ്റിങ്), ഷര്‍മിള ധങ്കര്‍ (സ്വര്‍ണം, വനിതകളുടെ ഷോട്ട്പുട്ട് F57), ഋഷികാന്ത സിംഗ് (വെള്ളി, വെയ്റ്റ്ലിഫ്റ്റിങ്), മുത്തുപാണ്ടി രാജ (വെള്ളി, വെയ്റ്റ്ലിഫ്റ്റിങ്), ജ്ഞാനേശ്വരി യാദവ് (വെള്ളി, വെയ്റ്റ്ലിഫ്റ്റിങ്), സര്‍വേശ് കുഷാരെ (വെള്ളി, പുരുഷന്മാരുടെ ഹൈജമ്പ്), വല്ലൂരി അജയ് ബാബു (വെള്ളി, വെയ്റ്റ്ലിഫ്റ്റിങ്), ബിന്ധ്യാറാണി ദേവി (വെങ്കലം, വെയ്റ്റ്ലിഫ്റ്റിങ്), ശില്പ കെ. ഷൈല (വെങ്കലം, വനിതകളുടെ ഷോട്ട്പുട്ട് F57), ഝണ്ഡു കുമാര്‍ (വെങ്കലം, പാരാ പവര്‍ലിഫ്റ്റിങ്).

content highlights: Commonwealth Games: India Bags 6 Medals on Day 5 in Glasgow; Sharmila Clinches Gold

To advertise here,contact us