കഴിഞ്ഞ മാസം നടന്ന റോവിങ് ലോകകപ്പിൽ സ്വർണം സ്വന്തമാക്കിയ ഇന്ത്യൻ തുഴച്ചിൽ താരം ലക്ഷയ് മത്സരയിതര ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ നടന്ന ലോകകപ്പ് 3ൽ ഉജ്ജ്വൽ സിങിനൊപ്പം ചേർന്ന് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് വിഭാഗത്തിൽ ലക്ഷയ് സ്വർണം സ്വന്തമാക്കിയിരുന്നു. മെയ് 25നു പുനെയിൽ വച്ച് ശേഖരിച്ച സാംപിൾ പരിശോധിച്ചപ്പോൾ താരത്തിന്റെ ശരീരത്തിൽ സ്റ്റാനോസോലോൾ എന്ന നിരോധിത മരുന്നിന്റെ അംശം കണ്ടെത്തി. പിന്നാലെയാണ് നടപടി.
റോവിങ് ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന കന്നി സ്വർണമായിരുന്നു ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് വിഭാഗത്തിലെ നേട്ടം. ഉത്തേജക മരുന്ന് ഉപയോഗം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ ഈ ചരിത്ര വിജയം റദ്ദാക്കപ്പെടും.
സമീപ കാലത്ത് റോവിങിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ലക്ഷയ്. ഹരിയാന സ്വദേശിയാണ് 23കാരനായ ഹവിൽദാർ. കഴിഞ്ഞ വർഷം വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ അജയ് ത്യാഗിക്കൊപ്പം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ സ്വർണവും ക്വാഡ്രപ്പിൾ സ്കൾസ് ടീമിന്റെ ഭാഗമായി വെള്ളിയും താരം നേടിയിരുന്നു.
Content highlight: indian rower lakshay fails doping test world cup gold at risk