ചരിത്രനേട്ടത്തില്‍ ആര്‍. പ്രഗ്നാനന്ദ; നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

ഓസ്ലോയില്‍ നടന്ന ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടില്‍ ജര്‍മനിയുട വിന്‍സെന്റ് കെയ്മറെയാണ് ഇരുപതുകാരന്‍ പരാജയപ്പെടുത്തിയത്

ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദോ നിലവിലെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനോ കൈവരിക്കാനാകാത്ത നേട്ടം സ്വന്തമാക്കി ആര്‍. പ്രഗ്നാന്ദ. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടമാണ് ആര്‍. പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ഓസ്ലോയില്‍ നടന്ന ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടില്‍ ജര്‍മനിയുട വിന്‍സെന്റ് കെയ്മറെയാണ് ഇരുപതുകാരന്‍ പരാജയപ്പെടുത്തിയത്. 18 പോയന്റുകള്‍ നേടിയാണ് പ്രഗ്നാനന്ദ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

ലോകത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ടൂര്‍ണമെന്റിലാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടമെന്നത് മാധുര്യമേറ്റുന്നു. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെ ഒരു ടൂര്‍ണമെന്റില്‍ തന്നെ രണ്ട് തവണ ക്ലാസിക്കല്‍ ചെസ്സില്‍ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്. കൂടാതെ, 2026ല്‍ ക്ലാസിക്കല്‍ ഗെയിമുകളില്‍ കാള്‍സണെ രണ്ട് തവണ തോല്‍പ്പിക്കുന്ന ആദ്യ താരം കൂടിയാണ് പ്രഗ്നാനന്ദ. ചരിത്രനേട്ടങ്ങളോടെയാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റങ്ങള്‍. 2013-ല്‍ നോര്‍വേ ചെസ് ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനോ നേടാന്‍ കഴിയാത്ത കിരീടമാണ് പ്രഗ്‌നാനന്ദ സ്വന്തമാക്കിയത്.

അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസ്ലി സോ 17 പോയന്റും അലിറെസ ഫിറൂജ 15.5 പോയന്റും നേടി യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളിലെത്തി. ഗുകേഷിന് ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ടൂര്‍ണമെന്റിന്റെ ചിലഘട്ടങ്ങളില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും മികച്ച തിരിച്ചുവരവ് നടത്തിയാണ് പ്രഗ്നാനന്ദ കിരീടം കരസ്ഥമാക്കിയത്. അലിറെസ ഫിറൂജ, കാള്‍സണ്‍, ഡി. ഗുകേഷ് എന്നിവര്‍ക്കെതിരേ ജയിച്ചത് നിര്‍ണായകമായി. 13 പോയന്റുമായി മാഗ്നസ് കാള്‍സണ്‍ അഞ്ചാം സ്ഥാനത്താണെത്തിയത്. അവസാന ദിനം 15 പോയന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തായിരുന്നു. വെസ്ലി 15.5 പോയന്റുമായി മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് കളിക്കാര്‍ക്കും കിരീടം നേടാന്‍ സാധ്യതയുണ്ടായിരുന്നു. വെസ്ലി-അലിറെസ ഫിറൂജ അവസാന റൗണ്ട് മത്സരം സമനിലയില്‍ കലാശിച്ചു.

content highlights: R. Praggnanandhaa achieves historic feat; becomes the first Indian to win the Norway Chess tournament

To advertise here,contact us