ടെന്നീസ് ചരിത്രത്തിലെ അതിമാനുഷൻ ആകാനുള്ള സെർബിയൻ ഇതിഹാസ താരം നൊവാക് ജോകോവിച്ചിന്റെ കാത്തിരിപ്പ് നീളുകയാണ്. ഫ്രഞ്ച് ഓപ്പൺ കളിമൺ കോർട്ടിൽ ജോകോയെ വെല്ലുവിളിച്ചത് പത്തൊമ്പതുകാരനായ ബ്രസീലിയൻ താരം ജോവോ ഫൊൻസേക.. മൂന്നാം റൌണ്ടിലെ അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ മുൻ ലോക ഒന്നാം നമ്പറും, പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ താരവുമായ ജോകോവിച്ചിന് അടിതെറ്റി. നിലവിൽ നാലാം നമ്പർ താരമായിരുന്ന ജോകോവിച്ച്, ഈ തോൽവിയോടെ ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ രണ്ട് സെറ്റുകളും വലിയ വെല്ലുവിളി കൂടാതെ നേടിയ ജോകോവിച്ചിനെ അമ്പരപ്പിച്ചായിരുന്നു ഫൊൻസേകയുടെ തിരിച്ചുവരവ്. 4-6 എന്ന സ്കോറിൽ ആദ്യ രണ്ട് സെറ്റും നഷ്ടമായ ഫൊൻസേക, നിർണായകമായ മൂന്നാം സെറ്റ് 6-3ന് നേടി തിരിച്ചടിച്ചു. ഇഞ്ചോടിഞ്ച് നീണ്ട അവസാന രണ്ട് സെറ്റുകൾ നിർണയിക്കപ്പെട്ടത് ടേബ്രൈക്കറിലാണ്. നാലും അഞ്ചും സെറ്റുകൾ 7-5 എന്ന സ്കോറിൽ പൊരുതി നേടിയ ബ്രസീലിയൻ യുവതാരം റൊളാണ്ട് ഗാരോസ് ചരിത്രത്തിലെ മികച്ച വിജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്.
മുപ്പത്തിയൊമ്പതുകാരനായ ജോകോവിച്ചിനെക്കാൾ ഇരുപത് വയസ് കുറവാണ് ജോവോ ഫൊൻസേകയ്ക്ക്. അഞ്ച് സെറ്റ് പോരാട്ടം നീണ്ടത് അഞ്ച് മണിക്കൂറോളമാണ്. ഫൊൻസേകയ്ക്ക് രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് ഫ്രഞ്ച് ഓപ്പണിൽ ഇതിന് മുൻപ് ജോകോവിച്ച് ക്വാർട്ടർ കാണാതെ പുറത്തായിട്ടുള്ളത്. 2009ലാണ് ജോകോ ഇതിനുമുമ്പ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഇത്രവേഗം മടങ്ങിയത്. ഒരു ഗ്രാൻസ്ലാം ടൂർണമെന്റിൽ ജോകോവിച്ച് ഒരു കൌമാരതാരത്തിന് മുന്നിൽ കീഴടങ്ങിയതും ഇതാദ്യമാണ്.
ടെന്നീസ് ചരിത്രത്തിലെ വിലപ്പെട്ട കിരീടങ്ങളായ ഗ്രാൻസ്ലാമുകളുടെ എണ്ണം ഇരുപത്തിയഞ്ച് എന്ന മാന്ത്രിക സഖ്യയിലെത്തിക്കാനുള്ള ജോകോവിച്ചിന്റെ കാത്തിരിപ്പ് ഇത് മൂന്നാം വർഷമെത്തി നിൽക്കുകയാണ്. 2023 സെപ്റ്റംബറിൽ ഡാനിയേൽ മെദ്വദേവിനെ കീഴടക്കി നേടിയ യു.എസ് ഓപ്പൺ കിരീടമാണ് ഒടുവിലത്തേത്. ജോകോയുടെ ഇരുപത്തിനാലാം ഗ്രാൻസ്ലാം നേട്ടമായിരുന്നു ഇത്. ലോകത്ത് ഇന്നേവരെ ഒരു ടെന്നീസ് താരവും ഇരുപത്തിയഞ്ച് ഗ്രാൻസ്ലാമുകൾ സ്വന്തമാക്കിയിട്ടില്ല. വനിതകളിൽ മാർഗരറ്റ് കോർട്ട് മാത്രമാണ് 24 സിംഗിൾസ് ഗ്രാൻസ്ലാം നേടിയിട്ടുള്ളത്.
ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഇക്കുറി ഒന്നാം സീഡ് യാനിക് സിന്നറും പുറത്തായതോടെ, ടെന്നീസിലെ ഓപ്പൺ യുഗത്തിൽ, ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ ഒരു മുൻ ചാന്പ്യൻ പോലും ഇല്ലെന്ന അവസ്ഥയും ആദ്യമായി സംഭവിച്ചു. ഒന്നാം സീഡായിരുന്ന യാനിക് സിന്നർ അഞ്ചാം സീഡ് ബെൻ ഷെൽട്ടൺ എന്നിവർ രണ്ടാം റൌണ്ടിലും, ആറാം സീഡ് ഡാനി മെദ്വദേവ് ആദ്യ റൌണ്ടിലും പുറത്തായിരുന്നു.
Content highlight: Novak Djokovic 25th Grand Slam dream delayed French Open loss