‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

സോഷ്യൽ മീഡിയയിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് തുറന്നുപറച്ചിലെന്നും മേരി കോം വ്യക്തമാക്കി

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ​മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം. 2023ലാണ് ഇരുവരും വിവാഹമോചിതരായത് എങ്കിലും ബന്ധം വേർപ്പെടുത്തിയ കാര്യം 43കാരിയായ ഈ‌യടുത്താണ് മേരി കോം പരസ്യമായി സമ്മതിക്കുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മേരി കോമിനുള്ള മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ആഭ്യൂഹങ്ങളുണ്ടായി.

എന്നാൽ സോഷ്യൽ മീഡിയയിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് തുറന്നുപറച്ചിലെന്നും മേരി കോം വ്യക്തമാക്കി. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബോക്സിങ് ഇതിഹാസം കാര്യങ്ങൾ തുറന്നു പറഞ്ഞത്.

'അതെ, ഞാൻ ഇപ്പോൾ എന്‍റെ ഭർത്താവായിരുന്ന ഓൺലറിൽ നിന്ന് വേർപിരിഞ്ഞു. രണ്ട് വർഷത്തിലേറെ മുമ്പാണ് ഇതെല്ലാം സംഭവിച്ചത്. എന്‍റെ അനുഭവങ്ങളെക്കുറിച്ച് ഒന്നും അറിയാത്ത ആളുകളാണ് എന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നത്. ഞാൻ മത്സരിക്കുന്നതുവരെ കാര്യങ്ങളെല്ലാം ശരിയായി നടന്നിരുന്നു. എന്‍റെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ച് മാത്രം പങ്കാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ 2022 ലെ കോമൺ‌വെൽത്ത് ഗെയിംസിന് മുൻപ് എനിക്ക് പരിക്കേറ്റപ്പോൾ എന്‍റെ ജീവിതം തന്നെ ഒരു നുണയാണെന്ന് എനിക്ക് മനസ്സിലായത്', മേരി കോം പറഞ്ഞു.

'മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു, അതിനുശേഷം എനിക്ക് വാക്കര്‍ ആവശ്യമായി വന്നു. അപ്പോഴാണ് ആ മനുഷ്യൻ ഞാൻ വിശ്വസിച്ചിരുന്നതുപോലെയല്ലെന്ന് എനിക്ക് മനസ്സിലായത്. ലോകത്തിന് മുന്നിൽ ഒരു കാഴ്‌ചവസ്‌തുവാകാന്‍ ഞാൻ ആഗ്രഹിച്ചില്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഞങ്ങൾക്കിടയിൽ തന്നെ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാല്‍ അതുനടക്കാതെ വന്നപ്പോഴാണ് വിവാഹമോചനം തേടിയത്'

'ഇത് തുടരാനാവില്ലെന്ന് ഞാൻ എന്‍റെ കുടുംബത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും അറിയിച്ചു, അവർക്ക് അത് മനസ്സിലായി. ഇത് സ്വകാര്യമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ കഴിഞ്ഞ ഒരു വർഷമായി എന്നെ അപകീർത്തിപ്പെടുത്താൻ ഒരു ആസൂത്രിത ശ്രമം നടക്കുന്നു. ഞാൻ പ്രതികരിക്കില്ലെന്നാണ് കരുതിയത്. എന്‍റെ നിശബ്ദത അവർ മുതലെടുത്തു. ആക്രമണം വർധിക്കുകയും ചെയ്‌തെന്ന് മേരി കോം പറഞ്ഞു. കൂടാതെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമി നഷ്ടപ്പെട്ടു', മേരി കോം ആരോപിച്ചു.

Content HIghlights: 'He was not the man I believed him to be'; Mary Kom reveals shocking details about her divorce

To advertise here,contact us