മാപ്പ് പറഞ്ഞ് എംബാപ്പെ; ക്ഷമാപണം വിവാദങ്ങള്‍ക്കുപിന്നാലെ

മാവോ സെതൂങ്ങിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങളിലാണ് കിലിയന്‍ എംബാപ്പെ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്

കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപക നേതാവായ മാവോ സെതൂങ്ങിനെ ഉദ്ദേശിച്ചുള്ള പ്രസ്താവനകളുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ പരസ്യമായി ക്ഷമാപണം നടത്തി ഫ്രഞ്ച്, റയല്‍ മഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. എംബാപ്പെയുടെ പരാമര്‍ശത്തിന് മറുപടിയായി ചൈനീസ് ബ്രോഡ്കാസ്റ്റര്‍മാര്‍ സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ സംപ്രേഷണവും എംബാപ്പെ കളിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണവും നിര്‍ത്തിവെച്ചിരുന്നു.

ഫ്രഞ്ച് ഓണ്‍ലൈന്‍ ടോക്ക് ഷോയായ 'ദി ബ്രിഡ്ജി'ല്‍ പങ്കെടുക്കുന്നതിന് മുമ്പ് എംബാപ്പെയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ എക്സില്‍ പ്രചരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കളിക്കളത്തിലെ സ്വാധീനം കാരണം ആരാധകര്‍ പലപ്പോഴും 'ഡിക്റ്റേറ്റര്‍' (ഏകാധിപതി) എന്ന് വിളിക്കാറുള്ള എംബാപ്പെയോട്, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മീം ഏതാണെന്ന് ചോദിക്കുകയുണ്ടായി. അതിന് മറുപടിയായി, 'ഒരാള്‍ നിര്‍മ്മിച്ച വീഡിയോയിലെ ഒരു വ്യക്തി… അദ്ദേഹം ഒരു ചൈനീസ് ഏകാധിപതിയാണെന്ന് ഞാന്‍ കരുതുന്നു' എന്ന് എംബാപ്പെ മറുപടി നല്‍കി. തുടര്‍ന്ന് മാവോ സെതൂങ്ങിന്റെ നീല സ്യൂട്ട് ധരിച്ച ശരീരത്തില്‍ എംബാപ്പെയുടെ മുഖം കൂട്ടിച്ചേര്‍ത്ത ചിത്രമാണ് വീഡിയോയില്‍ കാണിച്ചത്.

ഇതിനു പിന്നാലെ, ചൈനയിലെ പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ 'ഡോങ്ചിയുഡി' കടുത്ത നടപടി സ്വീകരിച്ചു. 2026-ലെ ബാലണ്‍ ഡി ഓര്‍ ഔദ്യോഗിക റാങ്കിംഗില്‍ നിന്ന് എംബാപ്പെയുടെ പേര് നീക്കം ചെയ്യുകയും ചെയ്തു. 'അങ്ങനെയൊരു വ്യക്തി നിലവിലില്ല' എന്നാണ് ഈ ചൈനീസ് മാധ്യമം രേഖപ്പെടുത്തിയത്. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഹാരി കെയിന്‍ സ്വന്തമാക്കിയപ്പോള്‍ എംബാപ്പെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ചൊവ്വാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് എംബാപ്പെ ക്ഷമാപണം നടത്തിയത്. 'അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെ എന്റെ ഒരു ചിത്രത്തോടാണ് ഞാന്‍ പ്രതികരിച്ചത്. എന്റെ ആ പരാമര്‍ശം വിവേകരഹിതമായിരുന്നു. അത് ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തിലെയും നിരവധി ആളുകളെ വേദനിപ്പിച്ചുവെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. എന്റെ വാക്കുകള്‍ വിഷമിപ്പിച്ച എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. അത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും എനിക്ക് കടുത്ത ബഹുമാനമുണ്ട്, എന്റെ തെറ്റില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു' -എംബാപ്പെ പ്രസ്താവനയില്‍ പറഞ്ഞു.

സ്പാനിഷ് ലീഗ് അസോസിയേഷന് വേണ്ടിയും ചൈനീസ് ജനതയോട് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ് മാപ്പ് ചോദിച്ചു. 'ഈ സംഭവം ഉണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. സ്പാനിഷ് ലീഗ് അസോസിയേഷന് വേണ്ടി ചൈനീസ് ജനതയോട് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു' -എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ തെബാസ് വ്യക്തമാക്കി. ചൈനയിലെ ആരാധക പിന്തുണ കണക്കിലെടുക്കുമ്പോള്‍ ഈ സംഭവം സ്പാനിഷ് ഫുട്‌ബോളിന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഒരു വ്യക്തിയുടെ പ്രവര്‍ത്തനം കാരണം ഈ ബന്ധത്തിന് കളങ്കം വരുത്താനോ, അല്ലെങ്കില്‍ ഞങ്ങളുടെ പ്രൊഫഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന 20-ലധികം ക്ലബ്ബുകളെയും ദശലക്ഷക്കണക്കിന് ചൈനീസ് ആരാധകരെയും ബാധിക്കാനോ ഞങ്ങള്‍ അനുവദിക്കില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: Kylian Mbappé Issues Public Apology Following Recent Controversies

To advertise here,contact us