എംജി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളത്തിലിറങ്ങും. രാത്രി 7:30ന് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേരിട്ട തോൽവിക്ക് പിന്നാലെ, ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മുന്നേറ്റനിരയിൽ മികച്ച ഒത്തിണക്കം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
നീണ്ട 585 ദിവസങ്ങൾക്ക് ശേഷം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ തകർപ്പൻ ബാക്ക്ഹീൽ പാസിൽ നിന്ന് ഫോർവേഡ് മോമോ യാൻസാനെ നേടിയ ഗോൾ ടീമിന്റെ അറ്റാക്കിംഗ് വീര്യം വ്യക്തമാക്കുന്നതായിരുന്നു. ഈ ആക്രമണ മികവ് നിലനിർത്തുന്നതിനൊപ്പം പ്രതിരോധത്തിലെ അച്ചടക്കം കൂടി ഉറപ്പാക്കി ആരാധകർക്ക് മുന്നിൽ ആദ്യ ഹോം വിജയം സ്വന്തമാക്കുകയാണ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിന്റെ ലക്ഷ്യം.
ബ്രണ്ടൻ ഫെർണാണ്ടസ്, ഫാറൂഖ് ചൗധരി, മുഹമ്മദ് അജ്സൽ, സെർജിയോ ലലാമാസ്, കാർലോസ് ഡെൽഗാഡോ, ലിയാൻഡർ ഒട്ടോർമിൻ, ലാസർ സിർകോവിച്ച് തുടങ്ങിയ പ്രമുഖ ഇന്ത്യൻ-വിദേശ താരങ്ങളടങ്ങുന്ന ശക്തമായ നിരയുമായാണ് മുംബൈ സിറ്റിയുടെ വരവ്. ചർച്ചിൽ ബ്രദേഴ്സിനോട് തോൽവിയും (2-1) പഞ്ചാബ് എഫ്സിക്കെതിരെ സമനിലയും (1-1) വഴങ്ങിയാണ് എത്തുന്നതെങ്കിലും മുംബൈ ഉയർത്തുന്ന വെല്ലുവിളി ചെറുതാകില്ല.
എല്ലാ ടൂർണമെന്റുകളിലുമായി ഇതുവരെ 25 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 12 തവണ മുംബൈ വിജയിച്ചപ്പോൾ ഏഴ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയം കണ്ടു. ആറ് മത്സരങ്ങൾ സമനിലയിലായി. സ്വന്തം തട്ടകമായ കൊച്ചിയിൽ മുംബൈക്കെതിരെ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിക്കാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
content highlights: kerala blasters vs mumbai city-fc isl first home match kochi