പ്രതിസന്ധിക്കാലത്ത് ഫിഫ പ്രസിഡന്റിനൊപ്പം -സൗദി ഫുട്‌ബോള്‍

ജിയാനി ഇന്‍ഫാന്റീനോയ്ക്ക് പൂര്‍ണ പിന്തുണയുമായി സൗദി ഫുട്‌ബോള്‍ ഭരണസമിതി രംഗത്ത്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ക്രിമിനല്‍ അന്വേഷണ ഭീഷണികള്‍ക്കിടയിലും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്‍ഫാന്റീനോയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായി സൗദി ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി.

ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള നീക്കത്തിന്റെ പേരില്‍ സ്വിസ് കോടതിയില്‍ ഇന്‍ഫാന്റീനോയ്ക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങാന്‍ യുവേഫ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദിയുടെ പ്രതികരണം. ലോക ഫുട്‌ബോളിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമായി ഇന്‍ഫാന്റീനോ കൈക്കൊണ്ട തീരുമാനങ്ങളെ സൗദി ഫുട്‌ബോള്‍ ബോഡി പ്രശംസിച്ചു. ഏഷ്യയിലും ആഗോളതലത്തിലും ഫുട്‌ബോള്‍ കായികരംഗത്തെ കൂടുതല്‍ ജനകീയമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എടുത്തുപറഞ്ഞു. 2034-ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ആവേശത്തിലാണ് സൗദി അറേബ്യ. ഇന്‍ഫാന്റീനോയുടെ ഭരണത്തിന്‍ കീഴിലാണ് 2034-ലെ ലോകകപ്പ് സൗദിക്ക് അനുവദിച്ചത് എന്നതിനാല്‍ തന്നെ, യൂറോപ്യന്‍ ക്ലബ്ബുകളും ബോഡികളും അദ്ദേഹത്തിനെതിരെ തിരിയുമ്പോഴും ഫിഫ പ്രസിഡന്റിന് ആഫ്രിക്കന്‍, ഏഷ്യന്‍ ഫെഡറേഷനുകളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്.

കേസ് കൊടുക്കാന്‍ യുവേഫഅതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.

ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന്‍ ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.

യുവേഫയുടെയും മറ്റ് ഫുട്‌ബോള്‍ ഭരണാധികാരികളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് ഈ പദ്ധതി ഫിഫ ഉപേക്ഷിച്ചിരുന്നു. അതിനുശേഷമാണ് തെളിവുകള്‍ ശേഖരിച്ച് ഇന്‍ഫാന്റീനോയ്ക്കെതിരെ ശക്തമായ നിയമനടപടികളിലേക്ക് യുവേഫ കടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇന്‍ഫാന്റീനോ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 2027 മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ, യൂറോപ്പിലെ ഭൂരിഭാഗം ക്ലബ്ബുകളുടെയും രാജ്യങ്ങളുടെയും പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

content highlights: Saudi Arabia Backs FIFA President Gianni Infantino Amid Crisis

To advertise here,contact us