കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സൗഹൃദ മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് തനിക്ക് 'ആബ്സന്‍സ് സീഷേഴ്സ്' സ്ഥിരീകരിച്ചതായി ബയേണ്‍ മ്യൂണിക് താരം ജമാല്‍ മുസിയാലയുടെ വെളിപ്പെടുത്തല്‍. ഹൈഡന്‍ഹൈമിനെതിരെ ബയേണ്‍ മ്യൂണിക്ക് 4-2 ന് വിജയിച്ച മത്സരത്തില്‍, പകരക്കാരനായി ഇറങ്ങി അധികം വൈകാതെ ജമാല്‍ മുസിയാല വീണ്ടും മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഇരു ടീമുകളിലെയും കളിക്കാര്‍ അദ്ദേഹത്തിന് ചുറ്റും വലയം തീര്‍ക്കുകയും മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടു. നേരത്തെ ശനിയാഴ്ച ആര്.ബി. ലെയ്പ്സിഗിനെതിരായ സൗഹൃദ മത്സരത്തിലും, കളിയുടെ അവസാന ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ മുസിയാല ഗ്രൗണ്ടില്‍ കുഴഞ്ഞുവീണിരുന്നു.
2020 മുതല്‍ ക്ലബ്ബിന്റെ ഭാഗമായ മുസിയാല, മത്സരശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍, നാഡീവ്യൂഹ സംബന്ധമായ തകരാറ് കാരണം തനിക്ക് ആബ്സന്‍സ് സീഷേഴ്സ് രോഗാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിച്ചു. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണെന്നും അദ്ദേഹം പറഞ്ഞു. 'ആദ്യമേ പറയട്ടെ, ഞാന്‍ സുഖമായിരിക്കുന്നു! നിങ്ങളുടെ സന്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും വളരെ നന്ദി! നിങ്ങളില്‍ പലരും ആശങ്കാകുലരാണെന്ന് എനിക്കറിയാം. ആ ആശങ്കകള്‍ മാറ്റി സാഹചര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നാഡീവ്യൂഹ സംബന്ധമായ തകരാറുകള്‍ കാരണം ഉണ്ടാകുന്ന, വളരെ എളുപ്പത്തില്‍ ചികിത്സിക്കാവുന്ന ചെറുതും താല്ക്കാലികവുമായ 'ആബ്സന്‍സ് സീഷേഴ്സ്' രോഗാവസ്ഥയാണ് എനിക്ക് സ്ഥിരീകരിച്ചത്. ലെയ്പ്സിഗിനെതിരെയുള്ള മത്സരത്തിലും ഹൈഡന്ഹൈമിലെ മത്സരത്തിലും ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ക്ക് ഇത് കാരണമായേക്കാം' -മുസിയാല കുറിച്ചു. 'കാണുന്നവര്‍ക്ക് ഇത് ഭയാനകമായി തോന്നാമെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിലവില്‍ ഇത് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇതിനായി എനിക്ക് മികച്ച മെഡിക്കല്‍ പരിചരണം ലഭിക്കുന്നുണ്ട്, ഞാന്‍ ഇപ്പോഴും വളരെ പ്രതീക്ഷയിലാണ്' -മുസിയാല കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ ജര്‍മ്മന്‍ ടീമിന്റെ ഭാഗമായ മുസിയാല, ആറ് ബുണ്ടസ് ലിഗ കിരീടങ്ങളും ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2026-ലെ ഫുട്ബോള്‍ ലോകകപ്പില്‍ റൗണ്ട് ഓഫ് 32-ല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെ പുറത്തായ ജര്‍മന്‍ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.
content highlights: Collapses Again During Match: Jamal Musiala Reveals Battle with 'Absence Seizures'