ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള ഫിഫയുടെ വിവാദ നീക്കം പരാജയപ്പെട്ടു. അംഗരാജ്യങ്ങളിൽ നിന്നും കോൺഫെഡറേഷനുകളിൽ നിന്നും എതിർപ്പ് ശക്തമായതിനെ തുടർന്ന് പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഫുട്ബോളിന്റെ ആത്മാവ് വിൽക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവേഫയും കോൺകാകാഫും മറ്റ് വൻകര ഭരണസമിതികളും രംഗത്തുവന്നതോടെയാണ് ഫിഫ പിന്മാറാൻ നിർബന്ധിതരായത്.
ഇത് 'ഫുട്ബോളിനോടുള്ള കടുത്ത ചതിയാണെന്ന്' തുറന്നടിച്ചുകൊണ്ട് ഇൻഫാന്റിനോയുടെ മുതിർന്ന ഉപദേശകനായ കാർലോസ് കൊർഡെയ്റോ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്റെ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ പദ്ധതി.
ഇതിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ടായിരുന്നു.
പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്.
കടുത്ത പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലമൂർ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരും ജീവനക്കാരും ഇൻഫാന്റിനോ തങ്ങളെ വഞ്ചിച്ചുവെന്ന് പരസ്യമായി തുറന്നടിച്ചു.
അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഈ സംഭവവികാസങ്ങൾ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് കായിക ലോകത്തെ വിലയിരുത്തലുകൾ.
Content highlights: fifa president gianni infantino scraps world cup private investment plan