കളിച്ചുതെളിഞ്ഞത് ഇന്ത്യയില്‍!; കൊച്ചിയിലുണ്ട് ഫെറാന്‍ ടോറസിന്റെ ടച്ച്

സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ ഫെറാന്‍ ടോറസിന് ഇന്ത്യയുമായി ഒരു പ്രത്യേക ബന്ധമുണ്ട്, ലോക ജേതാക്കളാകുമ്പോള്‍ വീണ്ടും ടോറസ് വിസ്മയം

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ സ്‌പെയിനിനെ വിജയത്തിലേക്ക് നയിച്ച ഗോള്‍ നേടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫെറാന്‍ ടോറസ് എന്ന ഫോര്‍വേഡിന്റെ പ്രതിഭ ലോകത്തിന് ആദ്യം കാണിച്ചുകൊടുത്തത് ഇന്ത്യയായിരുന്നു. 2017-ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഫൈനലില്‍ 106-ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഇടങ്കാലന്‍ ഗോളിലൂടെയാണ് ഫെറാന്‍ ടോറസ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്തത്. സ്‌പെയിനിനെ രണ്ടാം തവണയും ലോക ചാമ്പ്യന്മാരാക്കിയ വിജയഗോളിന്റെ ഉടമയായി ലോകം ഇനി ടോറസിനെ എക്കാലവും ഓര്‍ക്കും. എഫ്സി ബാഴ്സലോണയുടെ 26-കാരനായ ഈ ഫോര്‍വേഡിന്റെ ഷെല്‍ഫില്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ട് ട്രോഫികളുണ്ട്. എന്നാല്‍ സ്‌പെയിനിന്റെ ഈ ലോകകപ്പ് നായകന് ഇന്ത്യയുമായി ഒരു പ്രത്യേക ബന്ധമുണ്ട്.ഇന്ത്യയിലെ ഫെറാന്‍ ടോറസ്?ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വെറും 17 വയസ്സ് മാത്രമുള്ള ഒരു കൗമാരക്കാരനായി ഫെറാന്‍ ടോറസ് ഇന്ത്യയില്‍ എത്തിയിരുന്നു. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ സ്‌പെയിനിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അന്ന് വലെന്‍സിയ ക്ലബ്ബിന്റെ അക്കാദമിയില്‍ കളിച്ചിരുന്ന ഫെറാന്‍ സ്പാനിഷ് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. വലതു വിങ്ങറായി തിളങ്ങിയ ടോറസ് ടൂര്‍ണമെന്റിലുടനീളം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സ്‌പെയിന്‍ 5-2 ന് പരാജയപ്പെട്ട മത്സരത്തിലും ഫെറാന്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു.

ഒമ്പത് വര്‍ഷത്തിനിപ്പുറം ലയണല്‍ മെസ്സിയെപ്പോലും കണ്ണീരിലാഴ്ത്തിയ ആ വിജയഗോള്‍ നേടുന്നതിന് എത്രയോ മുമ്പ്, കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ പ്രേമികള്‍ ഈ പ്രതിഭയുടെ കളി മികവ് നേരിട്ട് കണ്ടതാണ്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് കളി തുടങ്ങി 2026 ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് നിരയിലെ ഏക താരം ടോറസ് മാത്രമല്ല. ബാഴ്സലോണയില്‍ ടോറസിന്റെ സഹതാരമായ സെന്റര്‍ ബാക്ക് എറിക് ഗാര്‍ഷ്യയും അന്ന് ഇന്ത്യയില്‍ പര്യടനം നടത്തിയ അണ്ടര്‍-17 ടീമില്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയ്ക്കെതിരായ ഫൈനലില്‍ 21 മിനിറ്റ് ഗാര്‍ഷ്യയും കളത്തിലിറങ്ങിയിരുന്നു.

ചരിത്രം, ഫെറാന്‍ ടോറസ്ക്ലബ് ഫുട്‌ബോളില്‍ സ്ഥിരതയാര്‍ന്ന ഗോളുകള്‍ നേടാനാകാത്തതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുള്ള താരമാണ് ടോറസ്. എന്നാല്‍ താരത്തിന്റെ പൊസിഷനിങ്ങും കളി മെനയാനുള്ള കഴിവും ചോദ്യം മികവുറ്റതാണ്. അതുകൊണ്ട് തന്നെയാണ് താരം സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായി കളിക്കാനിറങ്ങിയതും. ഫൈനലില്‍ നിക്കോ വില്യംസിന്റെ ഹെഡര്‍ പോസ്റ്റിലിടിച്ചു മടങ്ങിയപ്പോള്‍ കൃത്യസമയത്ത് പന്തിലേക്ക് പാഞ്ഞടുത്ത ടോറസ്, 106-ാം മിനിറ്റില്‍ ഒരു വോളിയിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. ഈ ഫിനിഷിങ്ങിലൂടെ ഫൈനലിലെ 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം താരം സ്വന്തമാക്കി. കൂടാതെ, സ്‌പെയിനിനായി ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടുന്ന ആന്ദ്രേസ് ഇനിയേസ്റ്റയ്ക്ക് ശേഷമുള്ള ഏക താരം എന്ന ബഹുമതിയും ടോറസിനെ തേടിയെത്തി. ക്യാമ്പ് നൗവില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളിച്ചു പരിചയമുള്ള ടോറസ്, ലോകകപ്പ് ഫൈനലില്‍ 80,000-ത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കിയാണ് ഈ ചരിത്ര ഗോള്‍ നേടിയത്. എന്നാല്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങളിലെ വലിയ ആവേശം അവന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞതും കരിയറിലെ ആദ്യത്തെ വലിയ നേട്ടം സ്വന്തമാക്കിയതും 2017-ല്‍ കൊച്ചിയിലെയും കൊല്‍ക്കത്തയിലെയും മൈതാനങ്ങളില്‍ വെച്ചായിരുന്നു.

content highlights: Honed in India! Ferran Torres has a special touch in Kochi

To advertise here,contact us