'ഇന്ത്യയ്ക്ക് വീണ്ടും നന്ദി'; ലോകകപ്പിലെ റണ്ണേഴ്സ് അപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്റീന

ഇന്ത്യയിലെ അര്‍ജന്റീന സ്ഥാനപതിയാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞത്

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായതിന് പിന്നാലെ, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന് നല്‍കിയ നിരുപാധികമായ പിന്തുണയ്ക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രത്യേക നന്ദി അറിയിച്ച് ഇന്ത്യയിലെ അര്‍ജന്റീനിയന്‍ സ്ഥാനപതി മരിയാനോ അഗസ്റ്റിന്‍ ക്യുസിനോ. കലാശപ്പോരാട്ടത്തില്‍ സ്‌പെയിന്‍ 1-0 ന് അര്‍ജന്റീനയെ പരാജയപ്പെടുത്തിയെങ്കിലും, ടൂര്‍ണമെന്റിലുടനീളം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ മെസ്സിക്കും സംഘത്തിനും നല്‍കിയ സ്‌നേഹവും പ്രാര്‍ത്ഥനയും വിസ്മരിക്കാനാകില്ലെന്ന് സ്ഥാനപതി മരിയാനോ അഗസ്റ്റിന്‍ ക്യുസിനോ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം.

'നന്ദി ഇന്ത്യ, ഒരിക്കല്‍ കൂടി! കിരീടം നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലായിരിക്കാം. പക്ഷേ ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണ അതിശയകരമായിരുന്നു. കേരളം മുതല്‍ ബംഗാള്‍ വരെയുള്ള ഇന്ത്യന്‍ തെരുവുകളില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയണിഞ്ഞ് ഞങ്ങളെ പിന്തുണച്ച ഓരോരുത്തരുടെയും സ്‌നേഹം ഞങ്ങള്‍ നെഞ്ചേറ്റുന്നു. ഈ തോല്‍വിയിലും നിങ്ങള്‍ നല്‍കുന്ന കരുത്ത് ചെറുതല്ല,' -അദ്ദേഹം കുറിച്ചു.

2022-ലെ ലോകകപ്പ് വിജയ സമയത്തും ഇന്ത്യയില്‍ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീനയില്‍ ഉള്ളതുപോലെ തന്നെ വലിയൊരു ആരാധകവൃന്ദം ഇന്ത്യയിലുമുണ്ടെന്ന കാര്യം അര്‍ജന്റീനിയന്‍ സര്‍ക്കാരും ഫുട്‌ബോള്‍ അസോസിയേഷനും പലതവണ എടുത്തുപറഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ നടന്ന ഫൈനലില്‍ 106-ാം മിനിറ്റില്‍ വഴങ്ങിയ ഗോളിലാണ് അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായത്. എങ്കിലും കളിയിലുടനീളം പോരാടിയ തങ്ങളുടെ പ്രിയപ്പെട്ട ടീമിന് വലിയ പിന്തുണയുമായി ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ആരാധകരെ ആശ്വസിപ്പിച്ചുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടും അര്‍ജന്റീനിയന്‍ നയതന്ത്രജ്ഞന്‍ രംഗത്തെത്തിയത്.

content highlights: "Thank You India Once Again": Argentina Expresses Gratitude Following World Cup Runners-Up Finish

To advertise here,contact us