ഫുട്ബോള്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ടീമിലേക്ക് തിരിച്ചെത്തിയതില്‍ തനിക്ക് ആദ്യം സന്തോഷമുണ്ടായിരുന്നുവെന്നും, എന്നാല്‍ റെഡ് കാര്‍ഡിനെ തുടര്‍ന്നുള്ള തന്റെ സസ്പെന്ഷന് പിന്‍വലിച്ച തീരുമാനം വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതായും അമേരിക്കന്‍ സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്.
റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരെ 2-0 ന് യുഎസ് വിജയിച്ചപ്പോള്‍ ലഭിച്ച റെഡ് കാര്‍ഡിനെ തുടര്‍ന്ന് ഫിഫ ബലോഗന് ഒരു മത്സര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫിഫ ഈ വിലക്ക് പിന്‍വലിക്കുകയും, ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് ലോകകപ്പില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്. ഈ തീരുമാനത്തിനെതിരെ ബെല്‍ജിയം പരാതി നല്‍കിയെങ്കിലും ഫിഫ അത് തള്ളുകയും ബലോഗന്റെ യോഗ്യത ശരിവെക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടാണ് ബലോഗന്റെ ചുവപ്പുകാര്‍ഡ് പിന്‍വലിച്ചത്. ഇത് രാഷ്ട്രീയപ്പോരിനുമിടയാക്കിയിരുന്നു. പുറത്തുനിന്നുള്ള ഇത്തരം വിവാദങ്ങള്‍ അവഗണിക്കാന്‍ പ്രയാസമായിരുന്നുവെന്നും ഇത് ടീമിനുള്ളിലെ അന്തരീക്ഷത്തെപ്പോലും ബാധിച്ചുവെന്നും സമ്മതിച്ച ബലോഗന്, മത്സരത്തില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പറഞ്ഞു. സാഹചര്യം തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും, ഇത് ഒടുവില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു എന്റെ ആദ്യത്തെ സന്തോഷം. എന്നാല്‍ ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, ഇത് വലിയൊരു വിവാദത്തിന് കാരണമാകുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ സഹതാരങ്ങളില്‍ പോലും ഒരുതരം പരിഭ്രമം എനിക്ക് കാണാന്‍ കഴിയുമായിരുന്നു, കാരണം ഇത് വളരെ അപൂര്‍വ്വമായൊരു കാര്യമാണ്. മത്സരം അടുത്തുവന്നതോടെ എന്റെ ശ്രദ്ധ കളിയില്‍ മാത്രമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. എങ്കിലും അത് ബുദ്ധിമുട്ടായിരുന്നു. പുറത്തുനിന്ന് ഒരുപാട് സംസാരങ്ങള്‍ ഉണ്ടായിരുന്നു, അത് ഒഴിവാക്കുക പ്രയാസമാണ്. എനിക്ക് മാറ്റാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. നിര്‍ഭാഗ്യകരമായ ഒരു സാഹചര്യമായിരുന്നു അത്, എന്നാല്‍ അത് എനിക്ക് ആത്മവിശ്വാസം നല്കി' -ബലോഗന് പറഞ്ഞു.
അതേസമയം, ബെല്‍ജിയത്തിനെതിരായ തോല്‍വിയോടെ അമേരിക്ക ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു. ഇതോടെ കാനഡയ്ക്കും മെക്സിക്കോയ്ക്കും ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന അവസാന ആതിഥേയ രാജ്യമായി അമേരിക്ക മാറിയിരുന്നു.
content highlights: 'I knew this would cause a huge controversy' - Balogun on the lifting of his suspension