അര്‍ജന്റീനയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാന്‍ ഡെക്ലാന് റൈസ് പൂര്‍ണ ഫിറ്റാണെന്നും ടീമില്‍ ലഭ്യമാണെന്നും ടീം റിപ്പോര്‍ട്ട്. മെക്സിക്കോ സിറ്റിയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം റൈസിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. നോര്‍വെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുമ്പ് അദ്ദേഹം അസുഖം കാരണം കിടപ്പിലായിരുന്നു. എങ്കിലും നോര്‍വേക്കെതിരെ അദ്ദേഹം കളിച്ചിരുന്നു.
ഇന്ന് അറ്റ്ലാന്റയില്‍ നടക്കുന്ന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ നേരിടും. 1966-ല്‍ സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്തിയതിന് ശേഷം ചരിത്രത്തിലാദ്യമായി തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഫൈനലില്‍ എത്തുകയാണ് ത്രീ ലയണ്‍സിന്റെ ലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ഡെക്ലാന്റെ സാന്നിധ്യമുണ്ടാകുമെന്ന ഉറപ്പിലാണ് ഇംഗ്ലണ്ട്. 'ഡെക്ലാന് ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അടുത്ത വാട്ടര്‍ ബ്രേക്ക് വരെ തുടരാന്‍ അദ്ദേഹം സമ്മതം മൂളിയിരുന്നു. എന്നാല്‍ മത്സരം 120 മിനിറ്റിലേക്ക് നീളുകയും എലിയറ്റ് ആന്‍ഡേഴ്സനെ കളത്തില്‍ ഇറക്കാതിരിക്കുകയും ചെയ്താല്‍ പിന്നീട് സബ്സ്റ്റിറ്റിയൂഷനുകളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് ഞങ്ങള്‍ ആ കടുത്ത തീരുമാനമെടുത്ത് ഡെക്ലാനെ പിന്വലിച്ചക്കുകയായിരുന്നു' -കോച്ച് പറഞ്ഞു.
നിലവില്‍ റൈസ് പൂര്‍ണമായും സുഖം പ്രാപിക്കുകയും തിങ്കളാഴ്ച കാന്‍സാസ് സിറ്റിയില്‍ നടന്ന മുഴുവന്‍ പരിശീലന സെഷനിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നോര്‍വെയ്ക്കെതിരായ വിജയത്തിന് ശേഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നടത്തിയ ആദ്യത്തെ സമ്പൂര്‍ണ പരിശീലന സെഷനായിരുന്നു ഇത്.
content highlights: Declan Rice is fit; Will play against Argentina