സ്‌പെയിനുമായുള്ള നിര്‍ണായക മത്സരത്തിന് മുമ്പ് റൊണാള്‍ഡോയ്ക്ക് അമ്മയുടെ ഹൃദയസ്പര്‍ശിയായ സന്ദേശം

ഇന്‍സ്റ്റഗ്രാമിലാണ് ക്രിസ്റ്റ്യാനോയുടെ അമ്മ ഹൃദയസ്പര്‍ശിയായ സന്ദേശം പങ്കുവെച്ചത്

ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടാനൊരുങ്ങുന്ന പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന് ആശംസകളുമായി അമ്മയുടെ സന്ദേശം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായാണ് അമ്മ മരിയ ഡൊളോറസ് എത്തിയത്. പ്രിയപുത്രനും പോര്‍ച്ചുഗല്‍ ടീമിനും ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവര്‍ ഹൃദയസ്പര്‍ശിയായ സന്ദേശം പങ്കുവെച്ചത്. 'നമ്മുടെ ദേശീയ ടീമിന് എല്ലാവിധ ആശംസകളും, നമ്മള്‍ ഒരുമിച്ചാണ്..' -മരിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

റൗണ്ട് ഓഫ് 32-ലെ ആവേശകരമായ മത്സരത്തില്‍ ക്രൊയേഷ്യയെ 2-1 ന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോണ്‍സാലോ റാമോസ് നേടിയ വിജയഗോളാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കിയത്. സ്‌പെയിനെതിരെയുള്ള മത്സരം ജയിച്ചാല്‍ പോര്‍ച്ചുഗലിന് ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനുള്ള സുവര്‍ണാവസരമാണ് കാത്തിരിക്കുന്നത്. റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗല്‍ ടീമിന് 2006-ന് ശേഷം ലോകകപ്പില്‍ തുടര്‍ച്ചയായ നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതിനാല്‍ ഈ മത്സരം അവര്‍ക്ക് അതീവ നിര്‍ണായകമാണ്.

സ്പാനിഷ് വമ്പന്മാര്‍മികച്ച ഫോമിലുള്ള സ്‌പെയിനാണ് പോര്‍ച്ചുഗലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലൂയിസ് ഡി ലാ ഫ്യൂന്റെ പരിശീലിപ്പിക്കുന്ന സ്‌പെയിന്‍, ഓസ്ട്രിയയെ 3-0 ന് തകര്‍ത്തുകൊണ്ടാണ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഒരു നോക്കൗട്ട് മത്സരത്തില്‍ എതിരാളികളെ ഒരൊറ്റ ഷോട്ട് പോലും ടാര്‍ഗെറ്റിലേക്ക് അടിക്കാന്‍ അനുവദിക്കാത്ത വിധം ശക്തമായ പ്രതിരോധമാണ് സ്‌പെയിന്‍ കാഴ്ചവെച്ചത്.

2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് സ്‌പെയിന്‍. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഗോള്‍കീപ്പിങ്ങിലുമെല്ലാം സമഗ്രാധിപത്യമാണ് സ്‌പെയിന്റെ പ്രത്യേകത.

മുഖാമുഖംപോര്‍ച്ചുഗലും സ്‌പെയിനും ഇതിനുമുമ്പ് ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത് 2018-ലായിരുന്നു. അന്ന് 3-3 എന്ന സ്‌കോറില്‍ സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു. തന്റെ കരിയറിലെ വിടവാങ്ങല്‍ ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് ഇത്തവണയും സ്‌പെയിനെതിരെ സമാനമായ ഒരു മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രയാണം ക്വാര്‍ട്ടറിലേക്ക് നീട്ടാന്‍ ആദ്ദേഹത്തിനാകുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

content highlights: A touching message from his mother to Ronaldo ahead of the crucial match against Spain

To advertise here,contact us