മെക്സിക്കൻ അപാരതയോടെ 2026 ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. ആഫ്രിക്കൻ പോരിമയുമായി എത്തിയ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ കശക്കിയെറിഞ്ഞത്. ഹുലിയന്‍ ക്വിനോനസും റൗള്‍ ജിമിനസും ആതിഥേയർക്കായി വലകുലുക്കി.
അത്യന്തം നാടകീയ മത്സരത്തിന് കൂടിയാണ് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്.
ദക്ഷിണാഫ്രിക്കയുടെ യായ സിതോളുംതെംബ സ്വാനെയും മെക്സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും ചുവപ്പുകാര്‍ഡ് വഴങ്ങി. 2022 ഖത്തർ ലോകകപ്പിൽ ടൂര്ണമെന്റാകെ കണ്ടത് നാല് റെഡ് കാർഡുകളാണ് എന്നോർക്കണം.
റെഡ്കാർഡിനും മെക്സിക്കോയുടെ വിജയത്തിനപ്പുറം ഈ മത്സരത്തിൽ ആഘോഷിക്കേണ്ട പേര് റൗള്‍ ഹിമിനസിന്റേതാണ്. മത്സരത്തിന്റെ 67-ാം മിനിറ്റിൽ അൽവരാരോയുടെ കിടിലൻ ക്രോസിന് തലവെച്ചാണ് ഹിമിനസ് ഗോൾ നേടുന്നത്.
2020 പ്രീമിയർ ലീഗിൽ ആഴ്സണൽ താരമായിരുന്ന ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് തലയോട്ടി പിളർന്ന് ബോധരഹിതനായി വീണ ഭൂതകാലമുണ്ട് ഹിമനസിന്. അന്ന് വോൾവർഹാംപ്ടൻ താരമായിരുന്നു ഹിമിനസ്. ഇന്ന് അതേ തലവെച്ച് തന്റെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തുകയും ചെയ്തു.
ഗോൾ നേടിയുള്ള ആകാശത്തേക്ക് നോക്കിയുള്ള ആഘോഷവും വൈകാരികമായിരുന്നു. മാർച്ച് മാസത്തിൽ മരണപ്പെട്ട തന്റെ പിതാവിനുള്ള ആദരമായിരുന്നു അത്.
content highlights:raul jimenez historic world cup header goal after skull injury comeback