ഫുട്ബോൾ ലോകം കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. അതേസമയം, മത്സരത്തിന് ഒന്നര മണിക്കൂർ മുൻപ് വിസ്മയകരമായ ഉദ്ഘാടന ചടങ്ങുകളും അരങ്ങേറും.
പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയാണ് ഉദ്ഘാടന ചടങ്ങിലെ ഇന്നത്തെ മുഖ്യ ആകർഷണം. ഇന്ന് നടക്കുന്ന ഉദ്ഘടന ചടങ്ങിൽ ഈ വർഷത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനവും ഷക്കീറ വേദിയിൽ അവതരിപ്പിക്കും. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും മറഡോണയും ലോകകിരീടമുയർത്തിയ ചരിത്രപ്രസിദ്ധമായ മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിലാണ് ഈ വർഷത്തെ ഉദ്ഘാടന മത്സരം അരങ്ങേറുന്നത് എന്ന പ്രിത്യേകത കൂടിയുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തോടെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കൂടുതൽ തവണ വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോർഡും ആസ്ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും.
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്ന കണക്കുകൾ പരിശോധിച്ചാൽ ഇരുടീമുകളും നേർക്കുനേർ വരുന്ന അഞ്ചാമത്തെ മത്സരമാണ് ഇന്നത്തേത്. മുൻപ് ഏറ്റുമുട്ടിയതിൽ രണ്ട് കളിയിൽ മെക്സിക്കോയും ഒരു കളിയിൽ ദക്ഷിണാഫ്രിക്കയും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലും അവസാനിച്ചു.
Content highlight: Shakira to perform at FIFA World Cup 2026 opening ceremony