കുരുക്കായി US വിസ നിയമങ്ങൾ; ആഫ്രിക്കൻ റഫറി ഓഫ് ദി ഇയർ അബ്ദുള്‍ ഖാദിറിനെ തിരിച്ചയച്ചു

സംഭവത്തില്‍ ഫിഫയോ സൊമാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫുട്‌ബോള്‍ ലോകകപ്പിന് കിക്കോഫ് വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശം കെടുത്തി അമേരിക്കയുടെ കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍. ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ ഖാദിര്‍ അര്‍താനെയെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടയുകയും തുടര്‍ന്ന് ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയും ചെയ്തു.

യോഗ്യമായ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തിട്ടും അര്‍താനെ രാജ്യത്ത് പ്രവേശിക്കാന്‍ യുഎസ് ബോര്‍ഡര്‍ കണ്‍ട്രോള്‍ അനുവദിച്ചില്ല എന്നത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് നെയ്റോബിയിലെ സൊമാലിയന്‍ എംബസി ഇടപെട്ടാണ് അദ്ദേഹത്തിന് വിസ ഉറപ്പാക്കിയിരുന്നത്.

കിഴക്കന്‍ ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി യുഎസ് നിലനിര്‍ത്തുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളും യാത്രാവിലക്കുകളുമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന.

സംഭവത്തില്‍ ഫിഫയോ സൊമാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എങ്കിലും, ഈ അപ്രതീക്ഷിത നടപടിയോടെ അര്‍താന് ഈ വര്‍ഷത്തെ ലോകകപ്പ് റഫറിമാരുടെ പാനലില്‍ നിന്നുള്ള സ്ഥാനം നഷ്ടമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും യുഎസിന്റെ കടുത്ത സുരക്ഷാ പരിശോധനകള്‍ മൂലം വിസാ തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

content highlights:african-referee-of-the-year-abdulqadir-artan-deported-due-to-us-visa-rules

To advertise here,contact us