ഫുട്ബോള്‍ ലോകകപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാല്‍ ബ്രസീല്‍ ടീമിന് ആശങ്ക വര്‍ധിക്കുകയാണ്. സൂപ്പര്‍താരം നെയ്മറിന് പരിക്കേറ്റതാണ് ടീമിന് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഈജിപ്തിനെതിരായ സന്നാഹ മത്സരത്തില്‍ താരം കളിക്കില്ലെന്ന് ഉറപ്പായി. താരം ന്യൂജേഴ്സിയിലെ ടീമിന്റെ പരിശീലന കേന്ദ്രത്തില്‍ തുടരുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചു.
നെയ്മറിന് ഫിസിയോതെറാപ്പിക്കും ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള മറ്റു പരിശീലനങ്ങള്‍ക്കും വിധേയനാക്കുമെന്നും സിബിഎഫ് അറിയിച്ചു. തുടര്‍ച്ചയായുള്ള പരിക്ക് നെയ്മറിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടില്ലേ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചത്.
അതേസമയം, ഫുട്ബോള്‍ ലോകകപ്പിന് നെയ്മര്‍ തിരിച്ചെത്തുമെന്നാണ് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ. ഈ ലോകകപ്പോടെ ഒരുപക്ഷെ, നെയ്മര്‍ ലോകകപ്പ് മത്സരങ്ങള്‍ മതിയാക്കും. അര്‍ഹമായ യാത്രയയപ്പ് നല്കാണ് ബ്രസീല്‍ താരങ്ങളുടെ ശ്രമം. ജൂണ്‍ 13ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. 19ന് ഹെയ്തിക്കെതിരെയും 24ന് സ്കോട്ലന്ഡിനെതിരെയും ബ്രസീല്‍ കളിക്കും.
content highlights: Leg injury proves costly; Neymar to miss friendly match against Egypt