ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് അര്‍ജന്റീന. ഫുട്ബോള്‍ ലോകകപ്പിന് മുമ്പ് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനായതിന്റെ ആശ്വാസമുണ്ടെങ്കിലും ചരിത്രം പരിശോധിക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് അത് അത്ര ആശ്വാസത്തിനുള്ള വകുപ്പ് നല്‍കുന്നില്ല! 1992-ലാണ് ഫിഫ റാങ്കിങ് നിലവില്‍ വന്നത്. പക്ഷെ, ലോകകപ്പിലേക്ക് ഒന്നാം സ്ഥാനത്തോടെ എത്തിയവര്‍ ഇതുവരെ ലോക കിരീടം നേടിയിട്ടില്ലെന്നതാണ് വസ്തുത.
1994ല്‍ ജര്‍മനിക്കായിരുന്നു ഒന്നാം സ്ഥാനം. ബ്രസീലാണ് കിരീടം നേടിയത്. 1998ല്‍ ബ്രസീല്‍ ഒന്നാം സ്ഥാനക്കാരായെത്തി. പക്ഷെ, ഫ്രാന്‍സിനോട് ഫൈനലില്‍ തോറ്റു. 2002ല്‍ ഒന്നാം റാങ്കുകാരായത് ഫ്രാന്‍സാണ്. പക്ഷെ, കിരീടം നേടിയത് ബ്രസീല്‍. 2006ല്‍ ബ്രസീല്‍ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിനെത്തി. ഇറ്റലിയാണ് കിരീടം സ്വന്തമാക്കിയത്. 2010ല്‍ ബ്രസീല്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി കളിക്കാനെത്തി. കപ്പടിച്ചത് സ്പെയിനാണ്. 2014ല്‍ സ്പെയിനാണ് ആ നേട്ടത്തോടെ ലോകകപ്പിനെത്തിയത്. പക്ഷെ കിരീടം നേടിയത് ജര്‍മനി. 2018ല്‍ ജര്‍മനി ഒന്നാം സ്ഥാനത്തോടെ റഷ്യന്‍ ലോകകപ്പിനെത്തിയെങ്കിലും ഫ്രാന്‍സാണ് കിരീടം നേടിയത്. 2022ല്‍ ബ്രസീല്‍ ഒന്നാം റാങ്കോടെ വീണ്ടും ലോകകപ്പിനെത്തി. കിരീടം ചൂടിയതാകട്ടെ ചിരവൈരികളായ അര്‍ജന്റീന!
അങ്ങനെയുള്ള ചരിത്രത്തിനിടയിലേക്കാണ് ഇത്തവണ അര്‍ജന്റീന ഒന്നാം സ്ഥാനത്തോടെ ലോകകപ്പ് കളിക്കാനെത്തുന്നത്. ഇത്തവണ കപ്പടിക്കാനായാല്‍ അതൊരു നേട്ടമാകും. ഒരു ചരിത്രം പിറക്കും. ഒന്നാം സ്ഥാനക്കാരായെത്തി ലോകകപ്പ് നേടിയ ചരിത്രം!
content highlights: Don't be quick to celebrate the FIFA rankings; a shocking reality awaits; will it happen?