2022-ല്‍ കപ്പിനും ചുണ്ടിനുമിടയ്ക്കാണ് ഫ്രാന്‍സിന് ലോകകിരീടം നഷ്ടമായത്. അന്ന്, അര്‍ജന്റീന ജേതാക്കളായപ്പോള്‍ ദുഖഭാരത്തോടെയാണ് ഫ്രാന്‍സ് ടീം നാട്ടിലേക്ക് മടങ്ങിയത്. 2018-ല്‍ നേടിയ കിരീടം നിലനിര്ത്താനായേക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കിലും ആവേശപ്പോരാട്ടത്തിലെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ അടിതെറ്റി. എന്നാല്‍, ഇത്തവണയും കിരീടം തന്നെയാണ് ഫ്രഞ്ചുസംഘത്തിന്റെ ലക്ഷ്യം.
അതിനുള്ള മികച്ച സംഘവുമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. ഫ്രാന്‍സ് ടീം അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുമ്പ്, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ടീം അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ടീം അംഗങ്ങളെ എല്ലാവരെയും പരിചയപ്പെടുകയും ആശംസകള്‍ നേരുകയും ചെയ്താണ് ഇമ്മാനുവല്‍ മാക്രോണ്‍ യാത്രയയച്ചത്.
സെനഗല്‍, ഇറാഖ്, നോര്‍വേ എന്നിവരോടൊപ്പം ഗ്രൂപ്പ് ഐ-യിലാണ് ഫ്രാന്‍സ് കളിക്കുക. ജൂണ്‍ 16-ന് ന്യൂജേഴ്സിയില്‍ സെനഗലിനെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യമത്സരം. 2014-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീം, 2018-ല്‍ ജേതാക്കളാവുകയും 2022-ല്‍ റണ്ണറപ്പാവുകയും ചെയ്തുരുന്നു. ഈവര്‍ഷം മികച്ച സന്നാഹത്തോടെയാണ് ഫ്രാന്‍സ് അമേരിക്കയിലേക്ക് പറക്കുന്നത്. കിലിയന്‍ എംബാപ്പെ, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ, എന്‍ഗോളോ കാന്റെ, ഔറേലിയന്‍ ചൗമേനി, ഒസുമാനെ ഡെംബലെ, മൈക്കല്‍ ഒലിസെ, മാര്‍ക്കസ് തുറാം എന്നിവരെല്ലാം കളിക്കും. ഈ ലോകകപ്പിലെ ഫേവിററ്റ് ടീമുകളില്‍ പ്രധാനപ്പെട്ടവരാണ് ഫ്രാന്‍സ് എന്ന പ്രത്യേകതയുമുണ്ട്.
content highlights: President gives send-off; French squad heads to America to reclaim the crown