കുന്യ തിരിച്ചെത്തുന്നു, സലാ കളിക്കാനില്ല; ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് സൂപ്പര്‍ പോര്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്-ലിവര്‍പൂള്‍ മത്സരം രാത്രി എട്ടിന്

ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് ആവേശപ്പോര്. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനക്കാരായ ലിവര്‍പൂളിനെ നേരിടും. ആവേശപ്പോരാട്ടം രാത്രി എട്ടുമണിക്ക് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍. 34 മത്സരങ്ങളില്‍ 17 വീതം ജയങ്ങളാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ 10 സമനിലയുള്ള യുണൈറ്റഡ് 61 പോയിന്റോടെയാണ് ലിവര്‍പൂളിന്റെ മുന്നില്‍നില്‍ക്കുന്നത്. ലിവര്‍പൂളിന് 58 പോയിന്റാണുള്ളത്. അവസാന രണ്ടുമത്സരങ്ങളില്‍ ചെല്‍സിയെയും ബ്രെന്‍ഡ്‌ഫോഡിനെയും തോല്‍പ്പിച്ചാണ് യുണൈറ്റഡ് കളിക്കാനെത്തുന്നത്. ചെല്‍സിയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച യുണൈറ്റഡ്, ബ്രന്‍ഡ്‌ഫോഡിനെ സ്വന്തം തട്ടകത്തില്‍വെച്ച് തോല്‍പ്പിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിന് ബ്രസീലിയന്‍ താരം മാത്യുസ് കുന്യ തിരിച്ചെത്തുന്നു എന്നതാണ് യുണൈറ്റഡിന് കരുത്തേകുന്നത്. ഇടുപ്പിനേറ്റ ചെറിയ പരിക്കിനെ തുടര്‍ന്ന് ബ്രന്‍ഡ്‌ഫോഡിനെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ചെല്‍സിക്കെതിരെയുള്ള മത്സരത്തിന് ശേഷമാണ് ഈ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. അന്ന് ടീമിനെ ജയിപ്പിച്ചത് കുന്യയുടെ ഗോളാണ്. വ്യാഴാഴ്ച മുതല്‍ കുന്യ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് പരിശീലകന്‍ മൈക്കല്‍ കാരിക് കുന്യയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷയിലാണ്.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ ലിവര്‍പൂളും ഫോമിലാണ്. പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച മൂന്നുകളികളും ലിവര്‍പൂള്‍ ജയിച്ചിട്ടുണ്ട്. ഫുള്‍ഹാം, എവര്‍ട്ടണ്‍, ക്രിസ്റ്റല്‍ പാലസ് ടീമുകളെയാണ് തോല്‍പ്പിച്ചത്. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയത് തിരിച്ചടിയായി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍താരം മുഹമ്മദ് സലാ പേശിക്ക് പരിക്കേറ്റതിനാല്‍ ഇന്ന് കളിക്കില്ല. പരിക്ക് സാരമുള്ളതല്ലെന്നും സീസണിലെ അവസാന മത്സരങ്ങളിലേക്ക് താരം തിരിച്ചെത്തിയേക്കാമെന്നുമാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അലക്‌സാണ്ടര്‍ ഇസാക്, ആന്‍ഡ്രൂ റോബര്‍ട്‌സണ്‍, ഫ്‌ളോറിയന്‍ റിട്‌സ്, കോഡി ഗാക്‌പോ തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ.

content highlights: Kunha Returns, Salah Out; Super Battle Today at Old Trafford

To advertise here,contact us