മഡ്രിഡില്‍ ഇന്ന് ആരുവാഴും? ആഴ്‌സനലിനെ തളയ്ക്കുമോ ആതിഥേയര്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലില്‍ ഇന്ന് അത്‌ലറ്റിക്കോ മഡ്രിഡ്-ആഴ്‌സനല്‍ പോരാട്ടം; മത്സരം രാത്രി 12.30ന് മഡ്രിഡില്‍

മഡ്രിഡിലെ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ ഇന്ന് ആരുവാഴും..? ഇംഗ്ലീഷ് കരുത്തരായ ആഴ്‌സനലോ അതോ ആതിഥേയരായ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മഡ്രിഡോ..? ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഒന്നാംപാദ സെമിഫൈനല്‍ കളിക്കിറങ്ങും മുമ്പ് ചോദ്യം പ്രസക്തമാണ്. കഴിഞ്ഞദിവസം കണ്ട ത്രില്ലര്‍ പോരാട്ടത്തിന്റെ മറ്റൊരു പതിപ്പ് ഇന്ന് കാണാനാകുമോ എന്നതാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷയും ആകാംക്ഷയും.

ഗോളടിക്കുന്നതിലേറെ ഗോള്‍വഴങ്ങാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന രണ്ടു പരിശീലകരുടെ കീഴിലാണ് ഇന്ന് അത്‌ലറ്റിക്കോയും ആഴ്‌സനലും കളിക്കാനിറങ്ങുക. അത്‌ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണിയും ആഴ്‌സനല്‍ കോച്ച് മിക്കല്‍ അര്‍റ്റേറ്റയും തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്നത്തേത്. ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം. അത്‌ലറ്റിക്കോയ്‌ക്കൊപ്പം ഇത് 15-ാം സീസണാണ് അര്‍ജന്റീനക്കാരന്‍ കോച്ച് സിമിയോണിയുടേത്. ദീര്‍ഘകാലം ആഴ്‌സനല്‍ പരിശീലകനായിരുന്ന ആര്‍സീന്‍ വെംഗറുടെ പാത പിന്തുടര്‍ന്ന് ഏഴാം സീസണിലാണ് സ്‌പെയിന്‍കാരന്‍ അര്‍റ്റേറ്റ ടീമിനൊപ്പമുള്ളത്.

അത്‌ലറ്റിക്കോയുടെ ഗ്രൗണ്ടിലാണ് കളിയെങ്കിലും മത്സരത്തിന് മുമ്പേ മുന്‍തൂക്കം ആഴ്‌സനലിനാണ്. ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ ഒരൊറ്റ കളിപോലും ആഴ്‌സനല്‍ തോറ്റിട്ടില്ല. 12 കളികളിലായി വഴങ്ങിയതാകട്ടെ വെറും അഞ്ചുഗോള്‍ മാത്രം. അതേസമയം, അത്‌ലറ്റിക്കോ മഡ്രിഡ് വഴങ്ങിയത് 26 ഗോളുകളാണ്. പക്ഷെ 34 ഗോള്‍നേടി എന്നതും പ്രധാനമാണ്. അതില്‍ ഒമ്പത് ഗോള്‍നേടിയത് അര്‍ജന്റീനാതാരം ജൂലിയന്‍ അല്‍വാരസാണ്. ഈ താരത്തിന്റെ മികവില്‍ത്തന്നെയാണ് ടീമിന്റെ പ്രതീക്ഷകളത്രയും.

കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും അവസാനം മുഖാമുഖം വന്നപ്പോള്‍ ജയം ആഴ്‌സനലിനായിരുന്നു. എതിരില്ലാത്ത നാലുഗോളിനായിരുന്നു ടീമിന്റെ ജയം. അന്ന് രണ്ടുഗോളുകള്‍ നേടിയ വിക്ടര്‍ യോക്കരേഷാണി ഇന്നത്തെ കളിയിലും ആഴ്‌സനലിന്റെ പ്രതീക്ഷ. കെയ് ഹാവെര്‍ട്‌സ്, ഡെക്ലാന്‍ റെയ്‌സ്, മാര്‍ട്ടിന്‍ ഒഡെഗാഡ് തുടങ്ങിയവരും ആഴ്‌സനല്‍ മുന്നേറ്റത്തിന് പ്രതീക്ഷ പകരുന്നു.

content highlights: Battle for Madrid: Can the home side hold off Arsenal tonight

To advertise here,contact us