ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കുമോയെന്നായിരുന്നു ആകാംക്ഷ. പക്ഷെ, ഗോളടിച്ചുകൂട്ടിയതെല്ലാം കിങ്സ്ലി കോമാനായിരുന്നു. എഎഫ്സി കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിലാണ് അല്‍ അഹ്ലിക്കെതിരെ അല്‍ നസ്ര് താരം കിങ്സ്ലി കോമാന് ഹാട്രിക് നേടിയത്. 12-ാം മിനിറ്റില്‍ ആദ്യഗോളടിച്ച താരം ആദ്യപകുതി അവസാനിക്കും മുമ്പ് രണ്ടാം ഗോളും നേടി. 63-ാം മിനിറ്റിലായിരുന്നു ഹാട്രിക് നേട്ടത്തിലെത്തിയത്.
ഏയ്ഞ്ചലോ ഗബ്രിയേല്‍ 23-ാം മിനിറ്റില്‍ ടീമിനുവേണ്ടി സ്കോര്‍ ചെയ്തു. 80-ാം മിനിറ്റില്‍ അബ്ദുള്ള അല്‍ ഹംദാനാണ് അല്‍ നസ്റിനുവേണ്ടി അഞ്ചാം ഗോളടിച്ചത്. അല്‍ അഹ്ലിക്കുവേണ്ടി സെകോ യാന്സന് ആശ്വാസ ഗോള്‍നേടി. ആദ്യഇലവനില്ത്തന്നെ കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 79-ാം മിനിറ്റില്‍ കളംവിട്ടു. കരിയറില്‍ ഇതുവരെ 969 ഗോളടിച്ച താരം ആയിരം ഗോളെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. കഴിഞ്ഞമത്സരത്തില്‍ താരം ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.
ജാവോ ഫെലിക്സ്, മാഴ്സലോ ബ്രൊസോവിച്ച്, സാദിയോ മാനെ തുടങ്ങിയവരും അല്‍ നസ്റിനുവേണ്ടി കളത്തിലിറങ്ങി. മത്സരത്തിലുടെനീളം അല്‍ നസ്റിനായിരുന്നു ആധിപത്യം. നിരന്തരം അല്‍ അഹ്ലിക്കെതിരെ മുന്നേറ്റങ്ങള്‍ നടത്താനും അല്‍ നസ്റിനായി. മേയ് 16ന് നടക്കുന്ന ഫൈനലില്‍ ജാപ്പനീസ് ക്ലബ്ബ് ഗാംബ ഒസാക്കയാണ് എതിരാളി.
content highlights: Coman's hat-trick fires Al-Nassr into AFC Super Cup final