ലാലി​ഗ കിരീടം ദൂരെ; ആൽവ്സിനെ കീഴടക്കാൻ റയൽ

മത്സരം രാത്രി ഒരുമണിക്ക് സാന്തിയാ​ഗോ ബെർണബുവിൽ

സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് ശേഷിക്കുന്നത് വെറും ഏഴുമത്സരം. കൈയിലുള്ളത് 22 ജയങ്ങൾ. അഞ്ചുതോൽവിയും നാലുസമനിലയും. ആകെ 70 പോയിൻറോടെ രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള വിയാറയലിനാകട്ടെ ആകെയുള്ളത് 61 പോയിൻറ്. പക്ഷെ, റയലിൻറെ ലക്ഷ്യം ബാഴ്സലോണയാണ്. രണ്ടാം സ്ഥാനം കൈവിടേണ്ടിവരില്ല, പക്ഷെ കിരീടത്തിലേക്കുള്ള യാത്ര അത്ര എളുപ്പവുമല്ലെന്നതാണ് യാഥാർഥ്യം.

റയൽ മഡ്രിഡിൻറെയത്രയും മത്സരങ്ങൾ കളിച്ച ബാഴ്സയുടെ അക്കൌണ്ടിലുള്ളത് 26 ജയങ്ങളാണ്. നാലുതോൽവിയും ഒരുസമനിലയുമുൾപ്പടെ 79 പോയിൻറ്. കിരീടം ഏറെക്കുറെ ഉറപ്പിച്ച ബാഴ്സലോണയ്ക്ക് ഇനി വേണ്ടത് ചുരുക്കം ചില ജയങ്ങൾ. റയൽ മഡ്രിഡ് ഇനിയുള്ള മത്സരങ്ങൾ തോൽക്കുകയും ബാഴ്സലോണ ഫോം തുടരുകയും ചെയ്താൽ കിരീടം ഉറപ്പാക്കാം.

ഡിപോർട്ടിവോ ആൽവസാണ് ഇന്ന് റയൽ മഡ്രിഡിൻറെ എതിരാളി. താരതമ്യേന ദുർബലർ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിനോടേറ്റ തോൽവിയും അതിനിടെ ലാലിഗ ഫുട്ബോളിൽ മയ്യോർക്കയോട് തോറ്റതും ജിറോണയോട് സമനില വഴങ്ങിയതുമെല്ലാം റയലിന് കടുത്ത നിരാശയുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഫോമിലേക്കുയരാത്ത ടീമിന് ഇനി സാധ്യമാകുക പൊരുതുക എന്നതുമാത്രം. ലാലിഗയിൽ ശേഷിക്കുന്ന ഏഴുമത്സരങ്ങളിൽ റയൽ ബെറ്റിസും എസ്പ്യാനോളും റയൽ ഒവിഡോയും സെവിയയും അത്ലറ്റിക്കോ ബിൽബാവോയും സാക്ഷാൽ ബാഴ്സലോണയുമുണ്ട്. റയൽ ഒവിഡോയൊഴികെയുള്ള മത്സരങ്ങളെല്ലാം കടുപ്പമേറിയതാകും.

എൽ ക്ലാസിക്കോ പോരിന് വേദിയാകുന്നത് ബാഴ്സലോണയുടെ ഹോം ഗ്രൌണ്ടാണ് എന്നതും എടുത്തുപറയേണ്ടതുണ്ട്.

വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവർ തന്നെയാകും ആൽവസിനെതിരേയും റയലിൻറെ മുന്നേറ്റം നയിക്കുക. ആർഡ ഗുളറും ഫെഡറിക്കോ വാൾവെർഡെയും ജൂഡ് ബെല്ലിങ്ഹാമും ഉൾപ്പെട്ട മധ്യനിര കരുത്താകും. കാർവാജൽ, മിലിറ്റാവോ ഉൾപ്പെട്ട പ്രതിരോധ നിരയും ടീമിന് ശക്തി പകരും.

content highlight: La Liga title is far away; Real Madrid set to take on Alaves

To advertise here,contact us