'ബഹിഷ്ക്കരണമല്ല ശരിയായ പ്രതിഷേധ മാർഗം'; മഞ്ഞപ്പടയ്ക്കെതിരെ വീണ്ടും സി കെ വിനീത്

'നാല് തവണ സെമിയിലും മൂന്ന് തവണ ഫൈനലിലും എത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്.'

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുന്ന ആരാധകകൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീത്. ക്ലബിന്റെ ഇന്നത്തെ അവസ്ഥയിൽ മാനേജ്‌മെന്റിന് റോളുണ്ടോ ഇല്ലയോ എന്ന കാര്യം വേറെയാണെന്നും തോൽക്കുമ്പോഴും ജയിക്കുമ്പോഴും ടീമിനൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ വിനീത് പറഞ്ഞു.

നാല് തവണ സെമിയിലും മൂന്ന് തവണ ഫൈനലിലും എത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ കിരീടം നേടാനായില്ല. ഇതേ പോലെ പല ക്ലബുകളും ലോക ഫുടബോളിലുണ്ട്. ഏന്നാൽ എല്ലാ കാലത്തും ആരാധകർ ഒപ്പം നിൽക്കുന്നു. എന്നാൽ ഇവിടെ ജയിക്കുമ്പോൾ മാത്രമാണ് ഒപ്പം നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾക്ക് പല പ്രശ്‌നങ്ങൾ കാണും, മാനേജ്‌മെന്റുമായിട്ട് പ്രശ്‌നങ്ങൾ കാണും, പ്ലയെഴ്‌സ് ആയിട്ട് കാണും, അത് ചോദ്യം ചെയ്യപ്പെടുകയും വേണം. പക്ഷെ കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. ഏത് മാനേജ്‌മെന്റ് ആണേലും കളിക്കാരൻ ആണേലും ഗ്രൗണ്ടിൽ പോരാട്ടം ആ ബാഡ്ജിനു വേണ്ടിയാണ്. മറ്റുള്ളതൊക്കെ അതിനു പുറത്ത്. മാനേജ്‌മെന്റ് വരും പോകും, കളിക്കാർ വരും പോകും.

മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമാണ്. ഈ ക്ലബ് നിങ്ങളുടേതാണ് .നിങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് അത് തലയുയർത്തി നിൽക്കുന്നത്. മറ്റു ടീമുകൾ കേരള ബ്ലാസ്റ്റേഴ്സ് എന്നെ ടീമിനെക്കാൾ പേടിച്ചിരുന്നത് ഗാലറിയിലുണ്ടായിരുന്ന നിങ്ങളെയാണ്. ഈ ടീമിനെ ഈ നാടിനാവശ്യമുണ്ട് ,അതിനേക്കാളേറെ ഈ ടീമിന് നിങ്ങളെയും , വിനീത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ കൊച്ചിയിൽ നടന്ന ജംഷഡ്‌പൂർ എഫ്സിക്കെക്കെതിരായ മത്സരത്തിന് ശേഷം ഒഴിഞ്ഞ ഗ്യാലറിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കുറിപ്പ് എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോയുമായി വിനീത് രംഗത്തെത്തിയത്.

Content highlights:  ck vineeth against manjappada boycott kerala blasters

To advertise here,contact us