പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിനായുള്ള ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ആഴ്സണലിന് അപ്രതീക്ഷിത തിരിച്ചടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരിൽ ഒന്നിനെതിരെ രണ്ട ഗോളുകൾക്ക് ബോൺമൗത്ത് ആഴ്സനലിനെ പരാജയപ്പെടുത്തി. ജൂനിയർ ക്രൗപി പതിനേഴാം മിനിറ്റിലും, അലക്സ് സ്കോട്ട് എഴുപത്തിനാലാം മിനിറ്റിലും ബോൺമൗത്തിനായി വലകുലുക്കിയപ്പോൾ, പെനാൽറ്റിയിലൂടെ മുപ്പത്തിയഞ്ചാം മിനിറ്റിൽ വിക്ടർ ഗ്യോകറസാണ് ഗണ്ണേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.
മത്സരം തുടങ്ങിയത് മുതൽ ആഴ്സണലിനെ സമ്മർദ്ദത്തിലാക്കുന്നു കളിയാണ് ബോൺമൗത്ത് പുറത്തെടുത്തിരുന്നത്. 17-ാം മിനിറ്റിൽ ക്രൗപിയിലൂടെ ലീഡെടുത്ത സന്ദർശകർ ആതിഥേയരെ ഞെട്ടിച്ചു. എന്നാൽ 35-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഗ്യോകറസ് ആഴ്സണലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സമനിലയോടെ തുടങ്ങിയ രണ്ടാം പകുതിയിൽ വിജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും 74-ാം മിനിറ്റിൽ അലക്സ് സ്കോട്ടിലൂടെ ബോൺമൗത്ത് വിജയമുറപ്പിക്കുകയായിരുന്നു. സമനിലയ്ക്കായി അവസാന നിമിഷങ്ങളിൽ ആഴ്സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
ഈ തോൽവിയോടെ കിരീടപ്പോരാട്ടത്തിൽ ആഴ്സണലിന്റെ ലീഡ് കുറഞ്ഞു. നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ആഴ്സണൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 61 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. വരും ആഴ്ചകളിൽ സിറ്റി മത്സരങ്ങൾ വിജയിച്ചാൽ ആഴ്സണലിന്റെ ഒന്നാം സ്ഥാനം ഭീഷണിയിലാകും.
Content highlight: Arsenal suffer a shock defeat to Bournemouth