കഴിഞ്ഞ ദിവസം നടന്ന ഈജിപ്ത് - സ്പെയിൻ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഒരു വിഭാഗം കാണികൾ നടത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ രംഗത്തെത്തിയിരുന്നു. ബാഴ്സലോണ ആർസിഡിഇ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിനിടെയായിരുന്നു ആ സംഭവം അരങ്ങേറിയത്. ഇപ്പോൾ താരത്തിന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ.
'വംശീയതയ്ക്കെതിരായ ഈ പോരാട്ടം എന്നെപ്പോലെ തന്നെ ലാമിൻ യമാലിനും തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് പണമുണ്ട്, പക്ഷേ പാവപ്പെട്ട കറുത്തവർഗ്ഗക്കാർക്ക് നമ്മളേക്കാൾ ബുദ്ധിമുട്ടുകൾ ഉണ്ട്, നമ്മൾ എല്ലാവരും ഒരുമിച്ച് വംശീയതയ്ക്കെതിരെ പോരാടണം. സ്പെയിൻ, ജർമ്മനി, പോർച്ചുഗൽ എന്നിവ വംശീയ രാജ്യങ്ങളാണെന്നല്ല ഞാൻ പറയുന്നത്, പക്ഷേ എല്ലാ രാജ്യങ്ങളിലും വംശീയവാദികളുണ്ട്, നമ്മൾ ഒരുമിച്ച് പോരാടുകയാണെങ്കിൽ, മറ്റ് കളിക്കാർക്കും ജനങ്ങൾക്കും ഇത് അനുഭവിക്കേണ്ടി വരില്ല', വിനീഷ്യസ് പറഞ്ഞു.
'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിൽ പോലും മതത്തെ പരിഹസിക്കുന്നത് ശരിയല്ല. അത് തികഞ്ഞ അജ്ഞതയും വംശീതയുമാണെന്ന്. ഫുട്ബോൾ എന്നത് ആസ്വദിക്കാനുള്ളതാണ്,മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ല.' ഇതായിരുന്നു സംഭവശേഷം യമാൽ തന്റെ സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ച വരികൾ. മത്സരം ആരംഭിക്കുന്നതിന് മുമ്പായി ദേശീയ ഗാനം ആലപിച്ച സമയത്തും ആരാധകർ കൂകിവിളികൾ നടത്തിയിരുന്നു. സംഭവത്തിൽ ഇപ്പോൾ കറ്റാലൻ പോലീസ് അന്വേഷണം നടത്തിവരുകയാണ്.
Content highlight: 'We are togrther'; Vinicius Junior supports Lamine Yamal