പതിറ്റാണ്ടുകൾ പന്തുതട്ടിയ കാറ്റലോണിയൻ മണ്ണിലേക്ക് ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സിയെ വീണ്ടും സ്വാഗതം ചെയ്ത് എഫ് സി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട. പ്രസിഡന്റ് സ്ഥാനത്തേക്ക് 68.1% വോട്ടോടെ ജയിച്ച് തന്റെ പദവി നിലനിർത്തിയതിന് പിന്നാലെയാണ് ലപോർട്ട മെസ്സിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രശംസകളാൽ മൂടിയത്.
'ലിയോ ആഗ്രഹിക്കുന്ന ഏത് തരത്തിലും ബാർസലോണയുമായി ചേർന്നുനിൽക്കാം. ബാഴ്സയുടെ വാതിലുകൾ എപ്പോഴും അദ്ദേഹത്തിനായി തുറന്നിട്ടിരിക്കുകയാണ്. എപ്പോൾ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നോ അപ്പോൾ അദ്ദേഹത്തിന് വരാം'; ലപോർട്ട പറഞ്ഞു. മെസ്സിക്ക് ആധാരം നൽകി ഒരു മത്സരം വേണം. ആദര സൂചകമായി ഒരു പ്രതിമ സ്ഥാപിക്കണം. ഈ സ്റ്റേഡിയത്തിൽ ലാഡിസ്ലാവോ കുബാല, ജൊഹാൻ ക്രൈഫ് എന്നിവരുടെ പ്രതിമകൾ മാത്രമേ ഉള്ളുവെന്നും ലപോർട്ട കൂട്ടിച്ചേർത്തു.
നേരത്തെ ക്ലബ് സാമ്പത്തിക പ്രതിസന്ധി നേരിടുകയും താരത്തെ നിലനിർത്തുന്നതിൽ പ്രയാസപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ മെസ്സിയും ലപോർട്ടയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് താരം പിഎസ്ജിയിലേക്ക് കൂടുമാറുകയും ചെയ്തു. പിഎസ്ജിയും വിട്ട മെസ്സി ശേഷം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കും ചേക്കേറി. മുൻനിര താരങ്ങളിൽ പലരും ബാഴ്സ വിട്ടതോടെ പിന്നോട്ടുപോയ ക്ലബ്ബിപ്പോൾ വീണ്ടും കരുത്താർജിക്കുകയാണ്.
Content highlight: FC Barcelona president Joan Laporta welcomes Lionel Messi to the club