പന്ത് ചുരണ്ടല്‍ വിവാദം തീരുന്നില്ല, ആരോപണമുന നീളുന്നത് ലിയോണിന് നേരെ

യു.എ.ഇയില്‍ നടന്ന 2018-ലെ പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലിയോണ്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

നേഥൻ ലിയോൺ

'സാന്‍ഡ്പേപ്പര്‍ ഗേറ്റ്' വിവാദത്തിന് മാസങ്ങള്‍ക്കുശേഷം, യു.എ.ഇയില്‍ നടന്ന 2018-ലെ പാകിസ്താന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ നിര്‍ദ്ദേശിച്ച താരമായി ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലിയോണിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂസ് കോര്‍പ്പ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'ദ വെസ്റ്റ് ഓസ്ട്രേലിയനാണ്' ഇക്കാര്യം പുറത്തുവിട്ടത്.

പ്രശസ്ത ബ്രോഡ്കാസ്റ്റര്‍ ജെറാര്‍ഡ് വാറ്റ്ലി നടത്തിയ അന്വേഷണത്തിലും സെന്‍ ക്രിക്കറ്റിന്റെ റിപ്പോര്‍ട്ടിലുമാണ് ദക്ഷിണാഫ്രിക്കയിലെ 2018-ലെ ബോള്‍ ടാംപറിംഗ് വിവാദത്തെയും അതിന്റെ തുടര്‍നടപടികളെയും കുറിച്ചുള്ള പുതിയ വിവരങ്ങളുള്ളത്. 'സാന്‍ഡ്പേപ്പര്‍ ഗേറ്റിന്' ആറ് മാസത്തിന് ശേഷം, 2018 ഒക്ടോബറില്‍ നടന്ന ആദ്യ പാകിസ്ഥാന്‍ ടെസ്റ്റിനിടെ പന്തിന്റെ അവസ്ഥ മാറ്റാനായി ഒരു താരം മിന്റ്‌സ് ആവശ്യപ്പെട്ടതായി ഇതില്‍ വെളിപ്പെടുത്തിയിരുന്നു.

കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഒമ്പത് മാസത്തെ വിലക്ക് ലഭിച്ചിരുന്നു. അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് എല്ലാ ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്കും വാര്‍ണര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. ഈ വിവാദത്തിന് പിന്നാലെ അന്നത്തെ ഹെഡ് കോച്ച് ഡാരന്‍ ലേമാന്‍ രാജിവെക്കുകയും ക്യാപ്റ്റന്‍ ടിം പെയ്ന്‍, കോച്ച് ജസ്റ്റിന്‍ ലാംഗര്‍ എന്നിവരടങ്ങിയ പുതിയ നേതൃത്വം നിലവില്‍ വരികയും ചെയ്തു.

യു.എ.ഇ പര്യടനത്തിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടന്നതായി മുന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ 'ദി ഗ്രേഡ് ക്രിക്കറ്റര്‍' പോഡ്കാസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഉണ്ടായിരുന്ന താരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൈതാനത്ത് മിന്റ്‌സ് കൊണ്ടുവരാന്‍ ലിയോണ്‍ നിര്‍ദ്ദേശിച്ചുവെന്നും ഇത് പെയ്‌നിന്റെയും ലാംഗറിന്റെയും ശകാരം ഏറ്റുവാങ്ങാന്‍ കാരണമായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍നസ് ലാബുഷെയ്ന്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പം ആ പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ്, ലിയോണിന്റെ നിര്‍ദ്ദേശം ഉടന്‍ തന്നെ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അക്കാലത്ത് പന്ത് തിളങ്ങാന്‍ വിദേശ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഐ.സി.സി അനുവദിച്ചിരുന്നില്ല. 2020-ല്‍ കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് ഐ.സി.സി നിരോധിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം അത് സ്ഥിരമാക്കുകയും ചെയ്തു.

കേപ് ടൗണില്‍ മൈതാനത്ത് സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് 2021-ല്‍ പ്രസ്താവന നല്‍കിയ നാല് ബൗളര്‍മാരില്‍ ഒരാളായിരുന്നു ലിയോണ്‍. പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരും ആ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു. മുന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയുടെ ആത്മകഥയായ 'സബ്ര്' പുറത്തുവന്നതോടെയാണ് 2018-ലെ ബോള്‍ ടാംപറിംഗ് വിവാദത്തിന്റെ മുറിവുകള്‍ വീണ്ടും തുറന്നത്. വിവാദത്തില്‍ ടീം കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പുസ്തകത്തില്‍ ആവശ്യപ്പെട്ട ഖവാജ, ശിക്ഷിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തി.

ഗെബെര്‍ഹയില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റിലും സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ചെന്നും, 2017/18ലെ സ്വന്തം നാട്ടിലെ ആഷസ് പരമ്പരയ്ക്കിടെ റിവേഴ്‌സ് സ്വിംഗ് ലഭിക്കാന്‍ പന്തിന്റെ സീമിന്റെ ഒരു ഭാഗം ഉയര്‍ത്തി കൃത്രിമം കാണിച്ചെന്നും ഖവാജ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷം, ക്യാപ്റ്റന്‍ കമ്മിന്‍സ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനം നടത്തി. ബൗളിംഗ് ഗ്രൂപ്പ് ഉള്‍പ്പെടെ എല്ലാവര്‍ക്കും നിയമവിരുദ്ധമായ സാന്‍ഡ്പേപ്പര്‍ തന്ത്രത്തില്‍ പങ്കുണ്ടെന്ന ഖവാജയുടെ വാദങ്ങളെ അദ്ദേഹം 'തികഞ്ഞ വിഡ്ഢിത്തം' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സുഹൃത്തുക്കളുടെ സല്‍പ്പേരിനെയും കരിയറിനെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെയും കുറിച്ച് പുസ്തകത്തില്‍ 'അശ്രദ്ധവും നിസ്സാരവുമായ' സമീപനമാണ് ഖവാജ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമിന്‍സിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം, 'ദ വെസ്റ്റ് ഓസ്ട്രേലിയന്‍' പത്രത്തില്‍ ബാന്‍ക്രോഫ്റ്റ് 4,497 വാക്കുകളുള്ള ഒരു ലേഖനം എഴുതി. പന്തില്‍ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന ഖവാജയുടെ പുസ്തകത്തിലെ വാദങ്ങള്‍ ബാന്‍ക്രോഫ്റ്റും ശരിവെച്ചു. റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിനായി പേസ് ബൗളര്‍മാരുമായി സംസാരിച്ച രീതിയും, താന്‍ സാന്‍ഡ്പേപ്പര്‍ ഉപയോഗിക്കുന്നത് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതും അദ്ദേഹം ലേഖനത്തില്‍ വിവരിച്ചു. ടീം മീഡിയ മാനേജര്‍ കേറ്റ് ഹച്ചിസണ്‍ ഒഴികെ മിക്കവാറും എല്ലാവരും ഈ നിയമവിരുദ്ധ തന്ത്രത്തിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: Ball-Tampering Scandal Lingers On; Scrutiny Shifts Toward Nathan Lyon

To advertise here,contact us