അവിശ്വസനീയ കഥയാണ് ഓസ്‌ട്രേലിയൻ ടീമിലെ ഇന്ത്യക്കാരനായ നിഖില്‍ ചൗധരിക്ക് പറയാനുള്ളത്. കോവിഡ് മൂലം ലോകം മൊത്തം ലോക്ക് ഡൗണിലേക്ക് പോയപ്പോൾ ഓസ്‌ട്രേലിയയിലേക്ക് ടൂറിന് പോയ നിഖില്‍ ചൗധരി അവിടെ കുടുങ്ങുന്നു. ശേഷം അവിടെത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകൾ കളിച്ച് ഒടുവിൽ ദേശീയ ടീമിലേക്കെത്തുന്നു.
ഇന്ന് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് വിജയിക്കുമ്പോൾ ഹീറോയായത് ഇതേ നിഖില്‍ ചൗധരിയായിരുന്നു. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചു കയറിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഓസീസ് ഒരു പന്ത് ശേഷിക്കേ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
ന്യൂഡല്‍ഹിയില്‍ ജനിച്ച് പഞ്ചാബ് ടീമിനായി അണ്ടര്‍ 16, 19, 22 ഏജ് ഗ്രൂപ്പുകള്‍ കളിച്ചിട്ടുള്ള നിഖില്‍ ചൗധരി 38 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 66 റണ്‍സ് വാരിയാണ് തന്റെ കന്നി അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. ബൗളിങിലും താരം തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നിഖില്‍ 2 വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ 37), സാം ഹാര്‍പര്‍ (15 പന്തില്‍ 32) എന്നിവരും ഓസീസിനായി നിര്‍ണായക സംഭാവന നല്‍കി. ടിം ഡേവിഡ് 13 പന്തില്‍ 20 റണ്‍സെടുത്തു.
നേരത്തെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലെത്തിയത്. നായകന്‍ വെറും 28 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 65 റണ്‍സ് വാരി. 22 പന്തില്‍ 39 റണ്‍സെടുത്ത ടോം ബാന്റന്‍, 20 പന്തില്‍ 27 റണ്‍സെടുത്ത ജോര്‍ദാന്‍ ക്രോക്‌സ്, 21 റണ്‍സെടുത്ത സാം കറന്‍ എന്നിവരും സ്‌കോറിലേക്ക് സംഭാവന ചെയ്തു.
content highlights:nikhil chaudhary stranded in-australia during covid now star all brounder