മുഹമ്മദ് സിറാജിനെ ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി കരുൺ നായർ. ഇന്ത്യൻ ക്രിക്കറ്റിൽ ചില താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ, മറ്റ് ചിലർക്ക് അർഹിച്ച പരിഗണന ലഭിക്കാറില്ലെന്ന് കരുൺ നായർ പറഞ്ഞു.
2025-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും കേവലം നാല് മത്സരങ്ങൾക്കുശേഷം വീണ്ടും തഴയപ്പെട്ടതിനെക്കുറിച്ചായിരുന്നു കരുണിന്റെ പ്രതികരണം. സ്പോർട്സ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു 34-കാരനായ കരുണിന്റെ തുറന്നുപറച്ചിൽ.
ദേശീയ ടീമിൽ നിന്ന് മാത്രമല്ല, സംസ്ഥാന ടീമിൽ നിന്നുപോലും പുറത്തായ കാലഘട്ടമായിരുന്നു കരിയറിലെ ഏറ്റവും കഠിനമെന്ന് കരുൺ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ടീമിൽ നിന്ന് പോലും ഒഴിവാക്കപ്പെട്ടത് വല്ലാതെ ഉലച്ചു. അടുത്തതായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. എന്നാൽ, എനിക്കൊരു കുടുംബമുണ്ടായിരുന്നു, അവരെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. സ്വയം രണ്ട് വർഷത്തെ സമയം നൽകാനാണ് ഞാൻ തീരുമാനിച്ചത്. ആ രണ്ട് വർഷത്തിനുള്ളിൽ ക്രിക്കറ്റിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ജോലി കണ്ടെത്താമെന്ന് ഉറപ്പിച്ചിരുന്നു,' കരുൺ വെളിപ്പെടുത്തി.
കർണാടകയുടെ പത്ത് വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കരുൺ പറഞ്ഞു. മുൻ നായകൻ വിനയ് കുമാർ പരിശീലകനായി എത്തിയത് ടീമിന് വലിയ ഊർജം നൽകുന്നുണ്ട്. അന്ന് ടീമിലുണ്ടായിരുന്ന മായങ്ക് അഗർവാളും ശ്രേയസ് ഗോപാലും താനും ചേർന്ന് ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ്-കരുൺ പറഞ്ഞു.
content highlights: karun nair opens up about continuous neglect decided to look for other jobs