അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയതിൽ നിർണായകമായത് മുൻതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ മികച്ച പ്രകടനമായിരുന്നു. അഞ്ച് ഇന്നിങ്‌സിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 361 റൺസ് നേടിയ ആര്യവീർ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരവും നേടി.
എന്നാൽ ആര്യവീറിന് കുടുംബപ്പേര് മുൻനിർത്തി പലവിമർശനങ്ങളും നേരിടേണ്ടിവന്നിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് സെവാഗ്. ഭാവിയിലും ഇത്തരത്തിലുള്ള വിമർശനങ്ങളുണ്ടാകുമെന്നും എന്നാൽ മകന്റെ കഴിവിനെ കുറിച്ച് ഇപ്പോൾ ആളുകൾ മനസിലാക്കിയിട്ടുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ വ്യക്തമാക്കി.
‘ഇന്ത്യയുടെ അണ്ടർ-19 ഏഷ്യാ കപ്പ് വിജയത്തിൽ, പ്രത്യേകിച്ച് പാകിസ്താനെതിരായ ഫൈനലിൽ ആര്യവീർ സെവാഗ് സംഭാവന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ വെറുതെ സ്കോർ ചെയ്യുക മാത്രമല്ല, വലിയ ഇന്നിങ്സ് തന്നെ കാഴ്ചവെച്ചു. ഈ വിജയത്തിൽ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ബഹുമാനം ആഗ്രഹിക്കുന്നുവെങ്കിൽ വലിയ സ്കോർ നേടേണ്ടതുണ്ടെന്ന് ഞാൻ എപ്പോഴും അവനോട് പറയാറുണ്ടായിരുന്നു. അതാണ് അവൻ ഈ ടൂർണമെന്റിൽ നേടിയിരിക്കുന്നത്.’- വിരേന്ദർ സെവാഗ് പിടിഐയോട് പറഞ്ഞു.
ആര്യവീർ തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥിരതയോടെ വലിയ ഇന്നിങ്സുകൾ കാഴ്ചവെക്കുക എന്നതാണ് പ്രധാനമെന്നും സെവാഗ് പറഞ്ഞു. അതേസമയം തന്റെ പേര് കാരണം ആര്യവീറിന് വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നതായും വിരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.
content highlights:virender-sehwag-opens-up-on-son-aaryavir-sehwag-facing-nepo-kid-criticism