വെല്ലിംഗ്ടണിലെ ബേസിന് റിസര്‍വില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് മുന്നില്‍ രണ്ട് പന്തില്‍ പൂജ്യത്തിന് പുറത്തായതോടെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ന്യൂസീലന്‍ഡ് നായകന് ടോം ലാതവും ഇടംപിടിച്ചു.
ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍ ലാതമിന് ഇപ്പോള്‍ 15 ഡക്കുകളാണുള്ളത്. ഇതോടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിനൊപ്പം ലാതം എത്തി. 19 ഡക്കുകളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റാണ് പട്ടികയില്‍ ഒന്നാമത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്ക് ആതര്‍ട്ടണ്‍ (17), ശ്രീലങ്കയുടെ മര്വാന് അട്ടപ്പട്ടു (16) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 15 ഡക്കുകള്‍ വീതമുള്ള വീരേന്ദര്‍ സെവാഗും ടോം ലാതവും നാലാം സ്ഥാനം പങ്കിടുന്നു.
മത്സരത്തിലേക്ക് വന്നാല്‍, രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആകാശ് ദീപും അന്‍ഷുല്‍ കാംബോജും ടീമില്‍ ഇടംനേടിയപ്പോള്‍, സ്പിന്‍-ബൗളിംഗ് ഓള്‍റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരെ പുറത്തിരുത്തിയപ്പോള്‍, സീനിയര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ബേസിന് റിസര്‍വിലെ പിച്ചില്‍ ആദ്യം ബൗള്‍ ചെയ്ത് ന്യൂസീലന്‍ഡ് ബാറ്റിംഗ് നിരയില്‍ തുടക്കത്തിലേ വിള്ളലുണ്ടാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ടാം ദിവസത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പിച്ചില്‍ തുടക്കത്തില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കുമെന്ന് കണ്ടതിനാലാണ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ടോസ് നേടിയ ശേഷം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. 'രണ്ടാം ഇന്നിംഗ്സിനെ അപേക്ഷിച്ച് പിച്ചില്‍ തുടക്കത്തില്‍ അല്പം കൂടുതല്‍ സഹായമുണ്ടെന്ന് ഞങ്ങള്‍ കണ്ടു. അത് മുതലെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ' -ഗില്‍ വ്യക്തമാക്കി. ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ച ഗില്‍, മികച്ച പരിശീലന സെഷനുകള്‍ ലഭിച്ചതായും ടെസ്റ്റ് പരമ്പരയ്ക്കായി താരങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. 'വളരെ മികച്ചതായിരുന്നു. അഞ്ചാറ് നല്ല പരിശീലന സെഷനുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു, എല്ലാവരും വളരെ ആവേശത്തിലാണ്, കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.
ഇന്ത്യ (പ്ലേയിംഗ് ഇലവന്): കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ന്യൂസീലന്‍ഡ് (പ്ലേയിംഗ് ഇലവന്): ടോം ലാതം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, രചിന് രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.
content highlights: Tom Latham Dismissed for a Duck by Jasprit Bumrah, Nears Unwanted Test Record for New Zealand