ഗംഭീറിന്റെ വക വൈഭവിന് ചോക്ലേറ്റ്, വില കൊടുക്കേണ്ടി വന്നത് കിവീസ്!

വൈഭവ് സൂര്യവംശിയെ ഓപ്പണര്‍ റോളിലേക്ക് തിരികെ എത്തിച്ചതോടെ വീണ്ടും വെടക്കെട്ട് പ്രകടനം

രണ്ടാം ടി20യില്‍ മൂന്നാം നമ്പറിലിറങ്ങി പരാജയപ്പെട്ടതിന് ശേഷം, ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ 15-കാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യ തനിക്ക് പരിചിതമായ ഓപ്പണറുടെ റോളിലേക്ക് തിരികെ കൊണ്ടുവന്നു. ഫലം: 4 സിക്‌സറുകളും 4 ഫോറുകളും അടക്കം വെറും 19 പന്തില്‍ 45 റണ്‍സ്! 236.84 എന്ന വിസ്മയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ കുട്ടിപ്രതിഭയുടെ അടിച്ചുതകര്‍ക്കല്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത രണ്ടാം ടി20യില്‍ 8 പന്തില്‍ വെറും 4 റണ്‍സ് മാത്രമാണ് സൂര്യവംശിക്ക് നേടാനായിരുന്നത്.

സൂര്യവംശിയെ ഓപ്പണറുടെ സ്ഥാനത്തേക്ക് ഉയര്‍ത്തിയതിലൂടെ ടീം മാനേജ്മെന്റ് ആ കൗമാരക്കാരന് ഒരു 'ചോക്ലേറ്റ്' സമ്മാനിക്കുകയാണ് ചെയ്തതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സദഗോപന്‍ രമേശ് അഭിപ്രായപ്പെട്ടു. 'ടീം മാനേജ്മെന്റ് സൂര്യവംശിയെ ഓപ്പണ്‍ ചെയ്യാന്‍ അയച്ചപ്പോള്‍ അവര്‍ അവന് ഒരു ചോക്ലേറ്റ് നല്‍കുകയായിരുന്നു. അടുത്ത രണ്ടുദിവസം അവധിയാണെന്ന സന്തോഷത്തില്‍, മനസ്സ് തികച്ചും സ്വതന്ത്രമായി വെള്ളിയാഴ്ച വൈകുന്നേരം കളിക്കാനിറങ്ങുന്ന ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് അവന്‍ ബാറ്റ് ചെയ്തത്' -അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കായി 19 ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള രമേശ്, അഭിഷേക് ശര്‍മയുടെ സ്‌ഫോടനാത്മക ഇന്നിംഗ്‌സിനെയും വാനോളം പ്രശംസിച്ചു. 'പേര് കേള്‍ക്കുമ്പോള്‍ തന്നെ ബൗളര്‍മാര്‍ ഭയപ്പെടുന്ന രീതിയിലാണ് അഭിഷേക് ശര്‍മ്മ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഇന്ന് ഒരു രാക്ഷസനെപ്പോലെയാണ് അവന്‍ ബാറ്റ് ചെയ്തത്. ഏറ്റവും വേഗമേറിയ ഓപ്പണിംഗ് കൂട്ടുകെട്ടുകളുടെ ഏതാണ്ടെല്ലാ റെക്കോഡുകളും തകര്‍ക്കപ്പെട്ടു. ഏഴ് ഓവറില്‍ 133 റണ്‍സ് അടിക്കുക എന്നാല്‍ 19 റണ്‍ റേറ്റിന് തുല്യമാണ്, അത് തികച്ചും അത്ഭുതകരമാണ്. ദീപാവലിക്ക് ഇനിയും സമയമുണ്ടെങ്കിലും, ഇന്ത്യന്‍ ബാറ്റര്‍മാര്‍, പ്രത്യേകിച്ച് അഭിഷേക്, ബാറ്റ് കൊണ്ട് 1000-ന്റെയും 10,000-ന്റെയും പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടേയിരുന്നു' -രമേശ് കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ശര്‍മ്മയുടെയും 15-കാരനായ വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗ് പ്രകടനത്തെ 'തികച്ചും അത്ഭുതപ്പെടുത്തുന്നത്' എന്നാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച നടന്ന മൂന്നാം ടി20യില്‍ ന്യൂസീലന്‍ഡിനെതിരെ 6 വിക്കറ്റിന്റെ വിജയം നേടി അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-0 ന്റെ അജയ്യമായ ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഇവരുടെ തകര്‍പ്പന്‍ തുടക്കമായിരുന്നു. 'തികച്ചും അത്ഭുതപ്പെടുത്തുന്ന പ്രകടനം. അവര്‍ ഷോട്ടുകള്‍ കളിച്ച രീതി കണ്ണുകള്‍ക്ക് വലിയൊരു വിരുന്നായിരുന്നു. പിന്നീട് സഞ്ജുവും ഞാനും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പന്ത് സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. 'ഇതൊക്കെ അവര്‍ എങ്ങനെ മാനേജ് ചെയ്തു?' എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അത് വെറുമൊരു മാജിക്കല്‍ പ്രകടനമായിരുന്നു' -മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. 11 സിക്‌സറുകളും 9 ഫോറുകളും ഉള്‍പ്പെടെ 38 പന്തില്‍ 113 റണ്‍സാണ് അഭിഷേക് അടിച്ചു കൂട്ടിയത്. സൂര്യവംശി 19 പന്തില്‍ 45 റണ്‍സും സംഭാവന ചെയ്തതോടെ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം 40 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും 13.2 ഓവറിലാണ് ഇന്ത്യ മറികടന്നത്.

content highlights: Gambhir Rewards Vaibhav with a Chocolate; Kiwis Pay the Price!

To advertise here,contact us