ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ നടത്തിയ ആവേശകരമായ റണ്‍ ചേസിലെ മികച്ച പ്രകടനങ്ങള്‍ക്ക് തിലക് വര്‍മ്മയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗിലെ തിലക് വര്‍മയുടെ മികവിനെ റെയ്ന പ്രത്യേകമായി എടുത്തുപറഞ്ഞു. മുന്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ യുവരാജ് സിങ്ങിന്റെയും എം.എസ്. ധോണിയുടെയും സമീപനത്തോടാണ് റെയ്ന തിലകിന്റെ കളിശൈലിയെ ഉപമിച്ചത്. ഈ രണ്ട് താരങ്ങള്‍ക്കും ഉണ്ടായിരുന്ന 'അതേ ക്വാളിറ്റി' ഈ യുവ ബാറ്റര്ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷ് റെഡ്ഡിയുടെ പോസിറ്റീവ് സമീപനത്തെ സ്വാഗതം ചെയ്ത റെയ്ന, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവിനെയും അഭിനന്ദിച്ചു. ശനിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 30 പന്തില്‍ പുറത്താകാതെ 69 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ തിലകും നിതീഷും, ഒരു ടി20 മത്സരത്തിന്റെ അവസാന അഞ്ച് ഓവറുകളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് റെക്കോര്‍ഡ് കുറിക്കാന്‍ സഹായകരമായി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ 68 റണ്‍സ് ആവശ്യമായിരുന്ന സമയത്താണ് തിലകും നിതീഷും ചേര്‍ന്ന് ഒരു പന്ത് ബാക്കിനില്‍ക്കെ ടീമിനെ വിജയത്തിലെത്തിച്ചത്.
അവസാന അഞ്ച് ഓവറുകളില്‍ നേടിയ 68 റണ്‍സ്, ഈ ഘട്ടത്തില്‍ ഒരു ടി20 മത്സരത്തില്‍ ഇന്ത്യ വിജയകരമായി പിന്തുടരുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. 2022-ലെ ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്താനെതിരെ നേടിയ 60 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡാണ് ഇതോടെ തിലകും നിതീഷും തിരുത്തിക്കുറിച്ചത്. അന്ന് വിരാട് കോഹ്ലിയുടെ പുറത്താകാതെയുള്ള 82 റണ്‍സ് പ്രകടനമായിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ഒക്ടോബര്‍ 27-ന് വെല്ലങ്ടണില് നടക്കും.
'ഇന്ത്യ നിലവില്‍ വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. തിലക് വര്‍മ്മയുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. യുവീ പായും (യുവരാജ് സിംഗ്) ധോണി ഭായിയും (എം.എസ്. ധോണി) ഞാനും 5, 6, 7, 8 നമ്പറുകളില്‍ ബാറ്റ് ചെയ്തിരുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു പ്രത്യേക അഭിനിവേശം ഉണ്ടായിരുന്നു. തിലകിനും അതേ ക്വാളിറ്റിയുണ്ടെന്ന് എനിക്ക് തോന്നുന്നു. വേറിട്ട മനോഭാവമുള്ള ഒരു കളിക്കാരനാണ് അവന്, അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവന് കാഴ്ചവെക്കുന്നത്. ബൗളിംഗിലും അവന് തന്റെ സംഭാവന നല്‍കുന്നുണ്ട്' -റെയ്ന പറഞ്ഞു. 'നിതീഷും വ്യത്യസ്തമായ ശൈലിയിലാണ് ബാറ്റ് ചെയ്യുന്നത്, ആ പോസിറ്റീവ് മനോഭാവം കാണുന്നത് സന്തോഷകരമാണ്. ഭുവനേശ്വര്‍ തിരിച്ചുവരവ് നടത്തിയത് കാണുന്നതും വളരെ നന്നായിരുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രേയസ് അയ്യരുടെ നായകത്വത്തെയും റെയ്ന വാനോളം പുകഴ്ത്തി. ടി20 ഫോര്‍മാറ്റില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രീതിയിലുള്ള സമീപനമുള്ള ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് പറഞ്ഞ റെയ്ന, സ്വന്തമായി ഒരു പാരമ്പര്യം കെട്ടിപ്പടുക്കുന്ന അയ്യര്‍ക്ക് തന്റെ എല്ലാ ആശംസകളും നേര്‍ന്നു. 'ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ക്യാപ്റ്റന്‍സിയെ കൈകാര്യം ചെയ്യുന്ന രീതി നോക്കുമ്പോള്‍, ഈ ഫോര്‍മാറ്റില്‍ ഇത്തരമൊരു സമീപനമുള്ള ഒരു ക്യാപ്റ്റനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കാണുന്നത് എന്ന് തോന്നുന്നു. അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു പാരമ്പര്യമാണ് സൃഷ്ടിക്കുന്നത്, എന്റെ എല്ലാ ആശംസകളും അദ്ദേഹത്തിനുണ്ട്' -റെയ്ന പറഞ്ഞു.
content highlights: 'Tilak and Nitish Are Impressive!': Former Indian Cricketer Suresh Raina Praises Youngsters