ന്യൂസീലന്‍ഡിലും സഞ്ജു തന്നെ താരം! 'വളഞ്ഞിട്ട് പിടികൂടി ആരാധകര്‍'

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20 പോരാട്ടത്തിനായി വെല്ലിങ്ടനിലെത്തിയപ്പോഴാണ് ഫാന്‍സ് കൂട്ടമായെത്തിയത്

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെല്ലിങ്ടനിലെത്തിയപ്പോള്‍ സഞ്ജുവിനായി ആര്‍ത്തുവിളിച്ച് ആരാധകര്‍. ക്രൈസ്റ്റ്ചര്‍ച്ചിലെ പോലെ വെല്ലിങ്ടനിലും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കാണാനായി നിരവധി ആരാധകരാണു വിമാനത്താവളത്തിലും മറ്റും തടിച്ചുകൂടിയത്. വിമാനത്താവളത്തിന് പുറത്ത് ഒട്ടേറെപ്പേരാണ് കാത്തിരുന്നത്. കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കിയ സഞ്ജു ഫാന്‍സിനൊപ്പം സെല്‍ഫിയും പകര്‍ത്തിയ ശേഷമാണ് ടീമിനൊപ്പം താമസ സ്ഥലത്തേക്ക് പോയത്. സഞ്ജുവിന്റെ കളി കാണാന്‍ ന്യൂസീലന്‍ഡിലുള്ള ഒട്ടേറെ മലയാളികളാണ് ക്രൈസ്റ്റ്ചര്‍ച്ച് സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങള്‍ക്കുമെത്തിയത്. ആരാധകരുടെ മനംകവര്‍ന്നാണ് സഞ്ജു സ്‌റ്റേഡിയത്തില്‍നിന്ന് മടങ്ങിയിരുന്നത്. സഞ്ജുവും ആരാധകരും ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരിശീലന വേദികള്‍ക്കരികിലും മലയാളികള്‍ ഉള്‍പ്പടെ എത്തുന്നുണ്ട്.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് മൂന്നാം പോരാട്ടം കൂടി ജയിച്ചാല്‍ അഞ്ചു മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങ്ങില്‍ത്തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്തായതായി ബിസിസിഐ സ്ഥിരീകരിച്ചു. വലത് തുടയിലെ പേശിക്കേറ്റ നിസ്സാര പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തിലും ഇഷാന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇഷാന് പകരം ടീമിലേക്ക് കുമാര്‍ കുശാഗ്രയെ ബിസിസിഐ ഉള്‍പ്പെടുത്തിയെങ്കിലും, രണ്ടാം ടി20യുടെ പ്ലെയിംഗ് ഇലവനില്‍ മാനേജ്മെന്റ് മൂന്നാം നമ്പറിലിറക്കിയത് വൈഭവ് സൂര്യവംശിയെയായിരുന്നു. എന്നാല്‍, 8 പന്തില്‍ 4 റണ്‍സ് മാത്രം നേടി കൗമാര ഓപ്പണര്‍ നിരാശാജനകമായി മടങ്ങുകയായിരുന്നു.

'ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വലത് തുടയിലെ പേശിക്കേറ്റ നിസ്സാര പരിക്കില്‍ നിന്ന് ഇഷാന്‍ കിഷന്‍ സുഖം പ്രാപിച്ചുവരികയാണ്. എങ്കിലും അദ്ദേഹം ഇതുവരെ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അതിനാല്‍ ഒക്ടോബര്‍ 27-ന് വെല്ലിംഗ്ടണില്‍ നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നു. ബിസിസിഐ മെഡിക്കല്‍ ടീം ഇഷാന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കുമാര്‍ കുശാഗ്ര മൂന്നാം ടി20യിലും ടീമിനൊപ്പം തുടരും' -ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മൂന്നാം ടി20 മത്സരത്തില്‍ നിന്നും ഇഷാന്‍ വീണ്ടും പുറത്തായതോടെ ടീം കോമ്പിനേഷനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തന്റെ കരിയറിലുടനീളം ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള സൂര്യവംശി, രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയപ്പോള്‍ ഒട്ടും സൗകര്യപ്രദമല്ലെന്ന് തോന്നിച്ചിരുന്നു. ഈ കൗമാര താരത്തെ ഓപ്പണിംഗിലേക്ക് തിരികെ കൊണ്ടുവരണമെന്നും, ഇഷാന്റെ അഭാവത്തില്‍ മൂന്നാം നമ്പറിലെ ഒഴിവിലേക്ക് സഞ്ജു സാംസണെ മാറ്റണമെന്നും രവിചന്ദ്രന്‍ അശ്വിന്‍, മുരളി കാര്‍ത്തിക് തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.

content highlights: Sanju Samson Steals the Show in New Zealand: Mobbed by Passionate Fans

To advertise here,contact us