പരമ്പരയിൽ തിരിച്ചുവരണം!; കിവീസിന്റെ സർജിക്കൽ സ്ട്രൈക്ക്; ടീമിൽ മാറ്റങ്ങൾ

മൂന്നാം ടി 20 കൂടി തോറ്റാൽ ആതിഥേയർക്ക് പരമ്പര നഷ്ടമാകും

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലാൻഡ് തോൽവി വഴങ്ങിയിരിക്കുകയാണ്. മൂന്നാം ടി 20 കൂടി തോറ്റാൽ ആതിഥേയർക്ക് പരമ്പര നഷ്ടമാകും. ഇത് മുന്നിൽ കണ്ട് ടീമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കിവീസ് മാനേജ്‌മെന്റ്.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ലോക്കി ഫെർഗൂസണ് മൂന്നാം ടി20ക്കുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചു. എന്നാൽ അതിന് ശേഷമുള്ള അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഫെര്‍ഗൂസൻ കളിക്കും.

മറ്റൊരു പേസറായ മാറ്റ് ഹെൻറിക്ക് ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പൂർണ്ണ വിശ്രമം അനുവദിച്ചു. നവംബർ 2-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനൊപ്പം ഹെന്‍റി ചേരും.

ആദ്യ രണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങാൻ സാധിക്കാതിരുന്ന കൈൽ ജാമിസണെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിന് ശേഷം ടീമില്‍ നിന്നൊഴിവാക്കും. ഏകദിന ടീമിനൊപ്പം പക്ഷെ ജാമിസണ്‍ ചേരും.

പ്രധാന പേസര്‍മാർക്ക് പകരക്കാരായി ബ്ലെയർ ടിക്നർ, ജോഷ് ക്ലാർക്സൺ എന്നിവരെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്നർ അവസാന മൂന്ന് മത്സരങ്ങളിലും ക്ലാർക്സൺ അവസാന രണ്ട് മത്സരങ്ങളിലും ടീമിന്‍റെ ഭാഗമാകും.

ബൗളർമാരുടെ ജോലിഭാരം കുറക്കാനായാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് റോബ് വാൾട്ടർ പ്രതികരിച്ചു. പരമ്പരയിലെ കടുത്ത പോരാട്ടങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും കളിക്കാരെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ സജ്ജരാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:ind vs nz t20 series new zealand squad changes news

To advertise here,contact us