നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്; തിലകിന്റെ വമ്പൻ ബ്ലണ്ടർ

സ്വന്തം അശ്രദ്ധയാണ് അദ്ദേഹത്തിന്റെ പുറത്താകലിനു വഴിയൊരുക്കിയത്.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ വിചിത്ര രീതിയിൽ റണ്ണൗട്ടായി തിലക് വർമ. സ്വന്തം അശ്രദ്ധയാണ് അദ്ദേഹത്തിന്റെ പുറത്താകലിനു വഴിയൊരുക്കിയത്.

മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ട്. 16 പന്തിൽ 28 റൺസുമായി നിൽക്കുന്നതിനിടെയാണ് സംഭവം.

ഗുഡാകേഷ് മോട്ടി എറിഞ്ഞ ലോ ഫുൾ ടോസ് പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്‌വേർഡ് സ്ക്വയർ ലെ​ഗിലേക്ക് ഫ്ലിക്ക് ചെയ്തു.

പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നു കരുതിയിരിക്കെ കാമിൽ പൂരാൻ അതിവേ​ഗം ഓടിച്ചെന്ന് ഡൈവ് ചെയ്ത് പന്ത് തടുത്തു. താരത്തിന്റെ കൈയിൽ നിന്നു തെറിച്ച് ​ഗ്രൗണ്ടിലൂടെ നീങ്ങി ഫോറിലേക്ക് പന്ത് പോകുന്നതും പൂരാൻ തട്ടിയകറ്റി. പിന്നാലെ പൂരാൻ പന്ത് തിരികെ ക്രീസിലേക്ക് എറിഞ്ഞു നൽകി.

അതിനിടെ പന്ത് ഫോറായെന്നു കരുതിയിരിക്കുകയായിരുന്നു തിലകും അക്ഷറും. ഒരു റൺ പൂർത്തിയാക്കിയ ശേഷം ഇരുവരും പിച്ചിനു മധ്യത്തിൽ നിൽക്കുന്നതിനിടെ പൂരാൻ പന്ത് ക്യാപ്റ്റൻ ഷായ് ഹോപിനു നൽകി. ഹോപിന്റെ കൈയിൽ പന്തെത്തും മുൻപ് തന്നെ അക്ഷർ സുരക്ഷിതമായി ക്രീസിലെത്തി.

എന്നാൽ അശ്രദ്ധമായി ബൗളിങ് എൻഡിലേക്ക് നടന്ന തിലക് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. താരം പതുക്കെ നടക്കുന്നതിനിടെ ഷായ് ഹോപ് പന്ത് നേരെ ബൗളിങ് എൻഡിലുണ്ടായിരുന്ന മോട്ടിക്ക് എറിഞ്ഞു നൽകി. തിലക് ക്രീസിലെത്തും മുൻപ് മോട്ടി രണ്ട് ബെയ്ലുകളും തട്ടി വിക്കറ്റ് എടുക്കുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യ 14 റണ്‍സിന്റെ വിജയമാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ഇന്ത്യ 20 ഓവറില്‍ 223 റണ്‍സെടുത്തിരുന്നു. വിൻഡീസിന്റെ മറുപടി 209 ൽ അവസാനിച്ചു.

content highlights:tilak varma run out blunder match analysis and reaction

To advertise here,contact us