വിന്‍ഡീസിന്റെ ജയത്തിന് പിന്നില്‍ ധോണിയുടെ ഉപദേശം; വെളിപ്പെടുത്തി ഷായ് ഹോപ്പ്

'ഇന്ത്യക്കെതിരായ മത്സരത്തില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ കരുത്തായത് എംഎസ് ധോണിയുമായുള്ള സംഭാഷണം'

ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷായ് ഹോപ്പിന്റെ മനസ്സിലേക്ക് എത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ വാക്കുകളായിരുന്നു. ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്ത ഹോപ്പ്, ''നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ സമയം എപ്പോഴും നിങ്ങളുടെ കൈയ്യിലുണ്ട്'' എന്ന ധോണിയുടെ ഉപദേശം തനിക്ക് ക്ഷമയോടെ ബാറ്റ് ചെയ്യാനും ചേസിംഗിനെ കൃത്യമായി പ്ലാന്‍ ചെയ്യാനും സഹായിച്ചുവെന്ന് പറഞ്ഞു. പുറത്താകാതെ 162 റണ്‍സ് നേടിയ ഹോപ്പ് വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന്റെ മികച്ച വിജയത്തിലേക്ക് നയിച്ചു.

ശനിയാഴ്ച മുല്ലാന്‍പൂരില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിലാണ് 143 പന്തില്‍ പുറത്താകാതെ 162 റണ്‍സ് നേടി ഷായ് ഹോപ്പ് വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലെത്തിച്ചത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് 352 റണ്‍സ് വിജയകരമായി പിന്തുടര്‍ന്ന് 'മെന്‍ ഇന്‍ മെറൂണ്‍' അവരുടെ ഏറ്റവും ഉയര്‍ന്ന ഏകദിന ചേസിംഗ് റെക്കോര്‍ഡ് കുറിച്ചു. 50 ഓവര്‍ വിക്കറ്റ് കാക്കുകയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും പേശിവലിവ് നേരിടുകയും ചെയ്തിട്ടും തളരാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഷായ് ഹോപ്പായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ജയത്തിന് നേതൃത്വം നല്‍കിയത്.

'ഇന്ത്യയില്‍ ചേസ് ചെയ്യുന്നത് എപ്പോഴും കുറച്ചുകൂടി എളുപ്പമാണ്, പ്രത്യേകിച്ച് മഞ്ഞുപെയ്യുന്ന സാഹചര്യത്തില്‍. പരമ്പര വിജയത്തോടെ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, അത് സാധിച്ചതില്‍ സന്തോഷമുണ്ട്. പേശിയില്‍ ചെറിയ അസ്വസ്ഥത തോന്നിയിരുന്നു, എങ്കിലും അവസാനം വരെ പോരാടാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒന്നാമതായി, ഞങ്ങളുടെ ടീമില്‍ ഒരു ബാറ്ററുടെ കുറവുണ്ടായിരുന്നു, ചിലപ്പോള്‍ രണ്ടുപേരുടെ. അതിനാല്‍ ഇത് എപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. എം.എസ്. ധോണി എന്ന വലിയ മനുഷ്യനുമായി ഞാന്‍ നടത്തിയ മികച്ചൊരു സംഭാഷണത്തില്‍ നിന്നുള്ള കാര്യമാണിത്, 'നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ സമയം എപ്പോഴും നിങ്ങളുടെ കൈയ്യിലുണ്ട്' എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ചേസിംഗിനെ ഓരോ ഘട്ടങ്ങളായി തിരിച്ച് സമീപിക്കാന്‍ ശ്രമിച്ചു. ഓവര്‍ റേറ്റ് പിഴവ് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഫീല്‍ഡര്‍മാരെ ഉള്ളിലേക്ക് കയറ്റേണ്ടി വരുമെന്ന് എനിക്കറിയമായിരുന്നു. അതിനാല്‍ ക്ഷമയോടെ കാത്തിരുന്നു. ഞങ്ങള്‍ ചില ഘട്ടങ്ങളില്‍ മികച്ച ക്രിക്കറ്റാണ് കളിച്ചതെന്ന് ഞാന്‍ കരുതുന്നു. ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. സ്ഥിരത പുലര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, ബാറ്റര്‍മാര്‍ അത് കാത്തുസൂക്ഷിച്ചു. ബൗളിംഗിന്റെ കാര്യത്തില്‍, ഇനി മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടി20 ക്രിക്കറ്റിന് വേണ്ടി ഞങ്ങള്‍ക്ക് രണ്ടു ദിവസത്തെ സമയമുണ്ട്, അതിനാല്‍ മത്സരത്തിന് ഇറങ്ങാന്‍ കഴിയുമെന്ന് കരുതുന്നു' -മത്സരശേഷം ഹോപ്പ് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഇതിനകം മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനുശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ഈ ആശ്വാസ വിജയം നേടിയത്. കെ.എല്‍. രാഹുല്‍ (129*), രോഹിത് ശര്‍മ്മ (92), ഋതുരാജ് ഗെയ്ക്വാദ് (57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 351/7 എന്ന സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഷായ് ഹോപ്പ് വെസ്റ്റ് ഇന്‍ഡീസിനെ 48.2 ഓവറില്‍ വിജയത്തിലെത്തിച്ചു. ആമിര്‍ ജംഗൂ (67), കീമോ പോള്‍ (44) എന്നിവരും ഈ റെക്കോര്‍ഡ് ചേസിംഗില്‍ നിര്‍ണായക പങ്കുവഹിച്ചു.

content highlights: Dhoni's Advice Behind Match-Winning Knock vs India, Reveals Shai Hope

To advertise here,contact us