ദുലീപ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വൈഭവ് സൂര്യവംശിയും ഇഷാന് കിഷനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫൈനലിലെ ഡി.ആര്.എസ് കോളുകളുടെ ക്രെഡിറ്റ് എടുത്തതിന് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന് കിഷന് സൂര്യവംശിയെ കളിയാക്കിയപ്പോള്‍, ഇഷാന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തത് താനായിരുന്നുവെന്ന് സൂര്യവംശി ഓര്‍മ്മിപ്പിച്ചു.
ഇഷാന് കിഷന്റെ നായകത്വത്തിന് കീഴിലാണ് ഈസ്റ്റ് സോണ്‍ 2026-27 സീസണിലെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഫൈനലിന്റെ രണ്ട് ഇന്നിങ്സുകളിലുമായി 350-ലധികം റണ്‍സ് നേടി ഇഷാന് 'പ്ലെയര്‍ ഓഫ് ദി മാച്ച്' ആയപ്പോള്‍, വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം വൈഭവ് സൂര്യവംശിയായിരുന്നു. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സൂര്യവംശി, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്നപ്പോള്‍ ക്യാപ്റ്റന്റെ റോളിലേക്ക് എത്തേണ്ടി വന്നിരുന്നു. ഈ സമയത്താണ് സൂര്യവംശിക്ക് തന്റെ ആദ്യത്തെ വിജയകരമായ ഡി.ആര്.എസ് തീരുമാനങ്ങള്‍ എടുക്കാന്‍ അവസരം ലഭിച്ചത്.
ഈസ്റ്റ് സോണും സൗത്ത് സോണും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍, ഇഷാനെ റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിക്കുന്ന കൗമാരതാരമായ സൂര്യവംശിയുടെ വീഡിയോ വൈറലായതോടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ റിവ്യൂ തീരുമാനം ഒടുവില്‍ ശരിയാവുകയും ചെയ്തു. എന്നാല്‍, ബി.സി.സി.ഐ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍, താന്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന റിവ്യൂകളുടെ ക്രെഡിറ്റ് സൂര്യവംശി തട്ടിയെടുത്തു എന്ന് ഇഷാന് തമാശയായി പറഞ്ഞു. 'ഇവന് എല്ലാ റിവ്യൂവിന്റെയും ക്രെഡിറ്റ് എല്ലാവിടത്തു നിന്നും അടിച്ചുമാറ്റിയിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ ആ റിവ്യൂ എടുക്കാന്‍ ഇരുന്നതായിരുന്നു, പക്ഷേ അവന് വന്ന് വളരെ ആത്മവിശ്വാസത്തോടെ 'ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരാം' എന്ന് പറയും. അത് കഴിയുമ്പോള്‍ ഇന്റര്‍നെറ്റില്‍ എല്ലാവരും പറയും: 'വൈഭവ്! വൈഭവ്!' എന്ന്,' യുവതാരത്തെ കളിയാക്കിക്കൊണ്ട് ഇഷാന് പറഞ്ഞു. 'വൈഭവ് അവന്റെ ആ ദൗത്യം വളരെ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട്' -ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സൂര്യവംശിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇഷാന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്ന സെമിഫൈനല്‍ മത്സരത്തെക്കുറിച്ച് ക്യാപ്റ്റനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, തന്ത്രപരമായ വലിയ തീരുമാനങ്ങള്‍ എടുത്തത് ആരാണെന്ന് 15-കാരനായ വൈഭവ് തിരിച്ചുചോദിച്ചു. 'നിങ്ങള്‍ ഫീല്‍ഡിന് പുറത്തേക്ക് പോയ സമയത്ത് ആരാണ് റിവ്യൂ എടുത്തത്? അതും കൂടി ഒന്നു പറഞ്ഞുതരുമോ?' -സൂര്യവംശി തിരിച്ചടിച്ചു. മത്സരത്തിനിടയിലെ കമന്റേറ്റര്‍മാരുടെ വാദങ്ങളും ഇഷാന് സംഭാഷണത്തിലേക്ക് കൊണ്ടുവന്നു. ഫീല്‍ഡില്‍ സൂര്യവംശിയുടെ മൂര്‍ച്ചയുള്ള തീരുമാനങ്ങളെ കമന്റേറ്റര്‍മാര്‍ പുകഴ്ത്തിയത് ഇഷാന് ചൂണ്ടിക്കാണിച്ചു. 'കമന്റേറ്റര്‍ വരെ പറഞ്ഞു, ഇനി നിങ്ങള്‍ക്ക് ഒരു റിവ്യൂ എടുക്കണമെങ്കില്‍ നേരെ വൈഭവ് സൂര്യവംശിയുടെ അടുത്തേക്ക് പോയാല്‍ മതിയെന്ന്' -ഇഷാന് പറഞ്ഞു.
'പക്ഷേ അവന് ടീമിലുള്ളത് വളരെ നല്ല കാര്യമാണ്. കാരണം, ഒരു നല്ല കളിക്കാരന് എന്നതിലുപരി, ജൂനിയറായാലും സീനിയറായാലും ടീമിലെ എല്ലാവരെയും നന്നായി പരിചരിക്കുന്ന നല്ലൊരു വ്യക്തിയാണ് അവന്. ഇന്ന് കാണുന്നതിനേക്കാള്‍ കൂടുതല്‍ അപകടകാരിയായ കളിക്കാരനായി അവന് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന് ഇതുപോലെ ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കുകയും ഇപ്പോള്‍ ചെയ്യുന്നതുപോലെ മികച്ച പ്രകടനം തുടരുകയും ചെയ്യും' -രസകരമായ ആ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് ഇഷാന് പറഞ്ഞു.
content highlights: "You Stole the Credit for the Review": Ishan Kishan Funnily Trolls Vaibhav