മിന്നി ഷെഫാലിയും ദീപ്തിയും; വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ചുറിയും ദീപ്തി ശര്‍മയുടെ ബൗളിങ് മികവുമാണ് ഇന്ത്യയെ തുണച്ചത്

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 40 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ചുറിയും (64) ദീപ്തി ശര്‍മയുടെ ബൗളിങ് പ്രകടനവുമാണ് ഇന്ത്യയെ മികച്ച ജയത്തിലെത്തിച്ചത്. പ്രതിക റാവല്‍ (20), ഹര്‍മന്‍പ്രീത് കൗര്‍ (24), റിച്ച ഘോഷ് (21) എന്നിവരും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. സമൃതി മന്ഥാനയ്ക്ക് (രണ്ട്) തിളങ്ങാനായില്ല. ദീപ്തി ശര്‍മ 13 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറി. ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കുന്തമുനയായി. നാലോവറില്‍ 26 റണ്‍സ് മാത്രമാണ് ദീപ്തി വഴങ്ങിയത്.

നന്ദനി ശര്‍മ രണ്ടും ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ഞായറാഴ്ചയാണ് ഏഷ്യാകപ്പ് ഫൈനല്‍ പോരാട്ടം. ശ്രീലങ്ക-പാകിസ്താന്‍ സെമിഫൈനലിലെ വിജയിയെയാകും ഇന്ത്യ കലാശപ്പോരില്‍ നേരിടുക.

content highlights: Shafali and Deepti Shine as India Qualify for Women's Asia Cup Final

To advertise here,contact us