മോശം പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏഴ് പാകിസ്താന് കളിക്കാരെയും രണ്ട് കോച്ചുമാരെയും നാട്ടിലേക്ക് തിരിച്ചയച്ചതോടെ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം വലിയൊരു തമാശയായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇംഗ്ലണ്ടിലെയും പാകിസ്താനിലെയും മുന്‍ താരങ്ങള്‍ പിസിബിയുടെ ഈ തീരുമാനത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. പിസിബിയുടെ ഈ തീരുമാനത്തെ പാകിസ്താന് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമെന്നാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാര്‍ വിശേഷിപ്പിച്ചത്.
പരമ്പരയിലുടനീളം നിരീക്ഷകനായി പ്രവര്‍ത്തിച്ച മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഫില്‍ ടുഫ്നെല്, പിസിബിയുടെ തീരുമാനത്തെ 'ഭയാനകം' എന്നാണ് വിശേഷിപ്പിച്ചത്. 'കളിക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുക എന്നത് വളരെ മോശമായ കാര്യമാണ്. ഇത് കളിക്കാര്‍ക്ക് വലിയൊരു നാണക്കേടാണ്. പരമ്പരയുടെ പകുതിയില്‍ വെച്ച് 'ശരി, നിങ്ങള്‍ നാട്ടിലേക്ക് മടങ്ങിക്കോളൂ' എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല' -ടുഫ്നെല് പറഞ്ഞു.
പരിക്കോ അച്ചടക്ക ലംഘനമോ കാരണം കളിക്കാരെ നാട്ടിലേക്ക് തിരിച്ചയച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മോശം പ്രകടനത്തിന്റെ പേരില്‍ ഏഴ് കളിക്കാരോടും രണ്ട് കോച്ചുകളോടും മടങ്ങാന്‍ ആവശ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമാണ്. 'സാധാരണയായി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഒന്നോ രണ്ടോ കളിക്കാരെ പര്യടനത്തില്‍ നിന്ന് ഒഴിവാക്കാറുള്ളത്. എന്നാല്‍ സാധാരണ നിലവാരം മാത്രമുള്ള ക്രിക്കറ്റ് കളിച്ചതിന്റെ പേരിലാണ് ഇവരെ നാട്ടിലേക്ക് അയച്ചിരിക്കുന്നത്' -മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.
അടുത്ത ടെസ്റ്റിന് മുമ്പ് ചില കളിക്കാര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ, ടീമംഗങ്ങളെ ചാള്‍സ് രാജാവിനെ കാണാന്‍ അയച്ചതിലെ വൈരോധ്യത്തെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. 'അവര്‍ക്ക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച ലഭിച്ചു, അല്ലേ? എല്ലാവരും വരിയായി നില്ക്കുന്നു, അതിനുശേഷമാണ് നാട്ടിലേക്ക് അയക്കുന്നത്. പോകുന്നതിന് തൊട്ടുമുമ്പ് രാജാവിനെ കാണാന്‍ കഴിയുമോ എന്ന് ചോദിക്കുന്നത് പോലെയാണത്' -പാനല്‍ അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. ചാള്‍സ് രാജാവും ചില പാകിസ്താന് കളിക്കാരും തമ്മിലുള്ള സംഭാഷണം എങ്ങനെയായിരിക്കുമെന്നും പാനല്‍ അംഗങ്ങള്‍ തമാശയായി അവതരിപ്പിച്ചു: 'ചാള്‍സ് രാജാവ് അവരുടെ അടുത്തെത്തി, 'നിങ്ങളാണോ നാട്ടിലേക്ക് മടങ്ങുന്നത്? നിങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്?' എന്ന് ചോദിച്ചിട്ടുണ്ടാകും!'.
content highlights: "Are You Returning Home Soon?": King Charles III Meets Pakistan Cricket Team