കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ തോല്‍പ്പിച്ച് കെസിഎല്‍ കിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍ ടൈറ്റന്‍സ്. കാലിക്കറ്റ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നാണ് തൃശൂര്‍ കപ്പുയര്‍ത്തിയത്. അഹ്മദ് ഇമ്രാന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റന്‍ എംഎസ് അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിള്‍സിന്റെ മൊഹമ്മദ് അസറുദ്ദീന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലില്‍ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ രോഹന്, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ അടുത്ത ഓവറില്‍ രണ്ട് റണ്‍സെടുത്ത വരുണ്‍ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രോഹന് കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളില്‍ നിന്ന് 21 റണ്‍സായിരുന്നു രോഹന് നേടിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച അഖില്‍ സ്കറിയയും അശ്വിന് ആനന്ദും ചേര്‍ന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതല്‍ക്കൂട്ടായി. ഇരുവരും ചേര്‍ന്ന് 49 പന്തുകളില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 45 റണ്‍സെടുത്ത അഖില്‍ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറില്‍ 40 റണ്‍സെടുത്ത അശ്വിന് ആനന്ദും മടങ്ങുമ്പോള്‍ നാല് വിക്കറ്റിന് 144 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാല്‍ തുടര്‍ന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ ടൈറ്റന്‍സിന്റെ ബൗളര്‍മാര്‍ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.
കാലിക്കറ്റിന്റെ ബിഗ് ഹിറ്റര്‍മാരായ സല്മാന് നിസാര്‍, അബ്ദുള്‍ ബാസിദ്, കൃഷ്ണദേവന് എന്നിവരില്‍ ഒരാള്‍ക്ക് പോലും നിര്‍ണായക മത്സരത്തില്‍ തിളങ്ങാനായില്ല. സല്മാന് 16ഉം, അബ്ദുള്‍ ബാസിദ് 14ഉം കൃഷ്ണദേവന് ഏഴും റണ്‍സെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോര്‍ 167ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ റമീസാണ് തൃശൂര്‍ ബൗളിങ് നിരയില്‍ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറില്‍ തന്നെ വിഷ്ണുരാജിന്റെ വിക്കറ്റ് നഷ്ടമായി. തുടരെ രണ്ട് ഫോറുമായി തുടങ്ങിയ വിഷ്ണുരാജിനെ അഖിന് സത്താര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം ഓവറില്‍ 18 റണ്‍സെടുത്ത കെആര്‍ രോഹിതും മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേര്‍ന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മോശം പന്തുകളെ അതിര്‍ത്തി കടത്തിയും ഇരുവരും അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.
16ആം ഓവറില്‍ അഹ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും പുറത്താക്കി ജോസ് പെരയില് കാലിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷ നല്കി. 49 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റണ്‍സാണ് അഹ്മദ് ഇമ്രാന് നേടിയത്. സഞ്ജീവ് സതീശന് 29 റണ്‍സെടുത്തു. വിജയത്തോടടുക്കെ തൃശൂരിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നിഖില്‍ തോട്ടത്ത് 14ഉം മുഹമ്മദ് ഇനാന് എട്ടും റണ്‍സുമായി മടങ്ങി. എന്നാല്‍ മറുവശത്ത് നിലയുറപ്പിച്ച എംഎസ് അഖില്‍ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 11 പന്തുകളില്‍ നിന്ന് 19 റണ്‍സുമായി അഖില്‍ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി ഇബ്നുള്‍ അഫ്താബും ജോസ് പെരയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് സെഞ്ച്വറിയടക്കം ടൂര്‍ണ്ണമെന്റിലാകെ 596 റണ്‍സ് നേടിയ മൊഹമ്മദ് അസറുദ്ദീനാണ് ടൂര്‍ണ്ണമെന്റിന്റെ താരവും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകള്‍ വീഴ്ത്തിയ ട്രിവാണ്‍ഡ്രം റോയല്‍സിന്റെ എം നിഖിലാണ് മികച്ച ബൗളര്‍. മികച്ച യുവതാരത്തിനുള്ള പ്രോമിസിംഗ് യങ്സ്റ്റര്‍ പുരസ്കാരം തൃശൂര്‍ ടൈറ്റന്‍സിന്റെ മൊഹമ്മദ് ഇനാന് സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്സിനാണ് ഫെയര്‍ പ്ലേ പുരസ്ക്കാരം.
content highlights: Thrissur Titans won Kerala Cricket League title after defeating Calicut Globstars by four wickets in the final