വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കും 2026-ലെ ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമുകളില്‍ ജസ്പ്രീത് ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിത്തം പൂര്‍ണ്ണമായും ഫിറ്റ്നസിന് വിധേയമായിരിക്കുമെന്ന് നേരത്തെത്തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനത്തില്‍ ബിസിസിഐ എത്തിയത്. ജസ്പ്രീത് ബുമ്രയ്ക്ക് ബിസിസിഐ മെഡിക്കല്‍ ടീമില്‍ നിന്ന് ഇതുവരെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. ഏറെ നാളായി കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലുമാണ് താരം. ജൂലൈ 16-ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രശ്നം കൂടുതല്‍ വഷളായത്. ആ മത്സരത്തിന് ശേഷം താരം പന്തെറിഞ്ഞിട്ടില്ല, നിലവില്‍ സുഖം പ്രാപിച്ചുവരികയാണ്.
ഇന്ത്യന്‍ ടീമിലേക്ക് ബുമ്ര എന്ന തിരിച്ചെത്തുമെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ബിസിസിഐ സെലക്ടര്‍മാര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പേസര്‍ പ്രിന്‍സ് യാദവിനെ 'ബാക്കപ്പ്' ആയി കണ്ടെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 10-ന് ഡല്‍ഹിയില്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്കൊപ്പം ഒരു ആഴ്ചയോളം മാച്ച്-സിമുലേഷന്‍ പരിശോധനകള്‍ക്ക് വിധേയനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്മണ്യം ബദരീനാഥ് അടുത്തിടെ ബുമ്രയെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് ടീം മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലേറ്റ പുറംവേദനയ്ക്ക് ശേഷം ബുമ്രയുടെ വര്‍ക്ക് ലോഡ് നിയന്ത്രിക്കുന്നതില്‍ ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഫലങ്ങള്‍ അത്ര തൃപ്തികരമല്ല.
ബുമ്രയെ ശരിയായി മാനേജ് ചെയ്യാത്തതില്‍ ടീമിന്റെ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരുമാണ് ഉത്തരവാദികളെന്ന് ബദരീനാഥ് ആരോപിച്ചു. 'ആരാണ് ഈ തീരുമാനമെടുത്തതെന്ന് എനിക്കറിയില്ല. സെന്റര്‍ ഓഫ് എക്സലന്‍സ് സെലക്ഷന് നടത്താറില്ലല്ലോ? താരം കളിക്കാന്‍ പ്രാപ്തനാണോ എന്നും ശരീരസ്ഥിതി എങ്ങനെയാണെന്നും മാത്രമാണ് അവര്‍ പറയുക. എന്നാല്‍ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരുമാണ് അന്തിമ തീരുമാനമെടുക്കുന്നത്. സെന്റര്‍ ഓഫ് എക്സലന്‍സ് വിവരങ്ങള്‍ കൈമാറുക മാത്രമേ ചെയ്യുന്നുള്ളൂ, അവര്‍ സെലക്ടര്‍മാരല്ല,' -ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ബുമ്രയ്ക്ക് പുറമെ മറ്റ് ചില കളിക്കാരുടെ പരിക്കുകളും ഇന്ത്യന്‍ ടീമിന് തലവേദനയാകുന്നുണ്ട്. ഓള്‍റൗണ്ടര്‍ റെഡ്ഡി, പേസര്‍ ഹര്‍ഷിത്, സ്പിന്‍ ഓള്‍റൗണ്ടര്‍ സുന്ദര്‍, സായി സുദര്ശന് എന്നിവരും നിലവില്‍ പരിക്കുകള്‍ മൂലം പുറത്താണ്.
content highlights: BCCI Names Lucknow Super Giants Pacer Mayank Yadav as Jasprit Bumrah's Replacement