യുകെ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി കാര്യങ്ങളും പ്രകടനവും വിലയിരുത്തുന്നതിനായി ബിസിസിഐ അടിയന്തര അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12ന്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവി വി.വി.എസ്. ലക്ഷ്മണ് എന്നിവര്‍ പങ്കെടുക്കും.
ഏകദിന, ടെസ്റ്റ് ടീം നായകന് ശുഭ്മന്‍ ഗില്ലും ട്വന്റി-20 നായകന് ശ്രേയസ് അയ്യരും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.അടുത്തിടെ യുകെ പര്യടനത്തില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പര 2-0 ന് നഷ്ടമായ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പര 4-0 നും ഏകദിന പരമ്പര 2-1 നും കൈവിട്ടിരുന്നു. യുകെ പര്യടനത്തിലെ തിരിച്ചടികള്‍ക്ക് പുറമെ സിംബാബ്വെ, ശ്രീലങ്ക പര്യടനങ്ങളിലെ പ്രകടനവും യോഗത്തില്‍ ചര്‍ച്ചയാകും. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, പ്രസിഡന്റ് മിഥുന് മന്‍ഹാസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
കളിക്കാരുടെ തുടര്‍ച്ചയായ പരിക്കുകളും വരാനിരിക്കുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഫിറ്റ്നസ് മാനേജ്മെന്റും യോഗത്തിലെ പ്രധാന അജണ്ടയായിരിക്കും. ജാസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി, ഹര്‍ഷിത് റാണ തുടങ്ങിയ മുന്‍നിര താരങ്ങളുടെ ഫിറ്റ്നസ് ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികളും ബിസിസിഐ ചര്‍ച്ച ചെയ്യും.
രോഹിതിന് അതൃപ്തി2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം തയാറെടുപ്പുകള്‍ക്കിടയില്‍, സെലക്ടര്‍മാരില്‍ നിന്നുള്ള വിരമിക്കല്‍ നിര്‍ദേശങ്ങളോട് മുതിര്‍ന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന മത്സര പരമ്പരകള്‍ക്ക് തൊട്ടുമുമ്പ് തന്റെ ഭാവി കാര്യങ്ങളെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത രീതിയിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ അതൃപ്തി പ്രകടിപ്പിച്ചത്. യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനായി സെലക്ടര്‍മാര്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് താരം പ്രതികരിച്ചതായാണ് സൂചന. 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് വരെ ഇന്ത്യയ്ക്കായി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് 39-കാരനായ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് മുതിര്‍ന്ന താരങ്ങളോട് ഇത്തരം ആശയവിനിമയങ്ങള്‍ നടത്തുന്നത് ഉചിതമായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐയിലെ ചില മുതിര്‍ന്ന ഭാരവാഹികളും സെലക്ഷന് കമ്മിറ്റിയുടെയും ഹെഡ് കോച്ചിന്റെയും ഈ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, രോഹിത് ശര്‍മ ടീമിന്റെ പദ്ധതികളില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും താരം പെട്ടെന്ന് വിരമിക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിട്ടുണ്ട്.
content highlights: Is Rohit Sharma On His Way Out? Shubman Gill and Shreyas Iyer to Attend BCCI Review Meeting