ബ്രിട്ടീഷ് പൗരത്വം നേടിയതിനെ തുടര്‍ന്ന് പാകിസ്താന് ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാകിസ്താന് വേണ്ടിയുള്ള തന്റെ കളിക്കളം ഇനി ഒരു അടഞ്ഞ അധ്യായമാണെന്നും താനിപ്പോള്‍ ഒരു 'ബ്രിട്ടീഷ് ലോക്കല്‍' താരമാണെന്നും ആമിര്‍ വ്യക്തമാക്കി.
ഒരു അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പൗരയായ നര്‍ജിസ് ഖാനുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് ആമിറിന് യുകെ പൗരത്വം ലഭിച്ചത്. 'ഞാന്‍ ഇപ്പോള്‍ ഒരു ബ്രിട്ടീഷ് ലോക്കല്‍ താരമാണ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ്, ദി ഹണ്ട്രഡ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ലോക്കല്‍ താരമായി കളിക്കുമ്പോള്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് വ്യക്തമാക്കുന്ന കരാറില്‍ ഒപ്പിടേണ്ടതുണ്ട്. അതിനാല്‍ പാകിസ്താന് ക്രിക്കറ്റിലെ എന്റെ അധ്യായം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്' -ആമിര്‍ വ്യക്തമാക്കി.
ഇതോടെ ഇംഗ്ലണ്ടിലെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ വിദേശ താരത്തിനുള്ള ക്വാട്ടയിലല്ലാതെ തന്നെ ആമിറിന് കളിക്കാന്‍ സാധിക്കും. അടുത്തിടെ നോട്ടിംഗ്ഹാംഷെയറിനായി ടി20 ബ്ലാസ്റ്റിലും ട്രെന്റ് റോക്കറ്റ്സിനായി 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റിലും ആമിര്‍ ലോക്കല്‍ താരമായി മത്സരിച്ചിരുന്നു. അതേസമയം, പാകിസ്താന് സൂപ്പര്‍ ലീഗില്‍ ഇനിയും കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയ ആമിര്‍, ഇനിമുതല്‍ വിദേശ താരങ്ങളുടെ കാറ്റഗറിയിലാവും ലീഗില്‍ പങ്കെടുക്കുകയെന്ന് കൂട്ടിച്ചേര്‍ത്തു.
2026 പിഎസ്എല്ലില്‍ റാവല്പിണ്ടിക്കായാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന 34-കാരനായ ആമിര്‍, പാകിസ്താനായി ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളിലായി 147 മത്സരങ്ങളില്‍ നിന്ന് 259 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2017-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാകിസ്താന് ടീമില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് ആമിര്‍.
content highlights: Mohammad Amir Obtains UK Citizenship; Closes Chapter on Pakistan Cricket